തുഷാര്‍ ഗാന്ധിയെ തടഞ്ഞ സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് നെയ്യാറ്റിന്‍കര പൊലീസ്; ബിജെപി കൗണ്‍സിലര്‍ ഉള്‍പ്പെടെ 5 പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം : മഹാത്മാഗാന്ധിയുടെ ചെറുമകനും പൊതുപ്രവര്‍ത്തകനുമായ തുഷാര്‍ ഗാന്ധിയെ നെയ്യാറ്റിന്‍കരയില്‍ തടഞ്ഞ സംഭവത്തില്‍ 5 പേര്‍ അറസ്റ്റിലായി. നെയ്യാറ്റിന്‍കര നഗരസഭയിലെ ബിജെപി കൗണ്‍സിലര്‍ മഹേഷ് അടക്കമാണ് അറസ്റ്റിലായത്.

സംഭവത്തില്‍ ആര്‍എസ്എസ് – ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ നെയ്യാറ്റിന്‍കര പൊലീസ് സ്വമേധയാ എടുത്ത കേസിലാണ് നടപടി. വിഷയത്തില്‍ ജനാധിപത്യപരവും നിയമപരവുമായ നടപടിയുണ്ടാവുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതിന് പിന്നാലെയാണ് നെയ്യാറ്റിന്‍കര പൊലീസ് സ്വമേധയാ കേസെടുത്തത്. വഴി തടഞ്ഞതിനും തുഷാര്‍ ഗാന്ധിക്കെതിരെ മുദ്രാവാക്യം വിളിച്ചതിനുമാണ് കേസ്.

തുഷാര്‍ ഗാന്ധിക്കെതിരായ സംഘപരിവാര്‍ അതിക്രമം രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്കും ജനാധിപത്യത്തിനും എതിരായ കടന്നാക്രമണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ പറഞ്ഞിരുന്നു. ഗാന്ധിജിയെ വധിച്ചവരുടെ മാനസികാവസ്ഥയില്‍ നിന്ന് ഒട്ടും വിഭിന്നമല്ല ഈ വിദ്രോഹ സമീപനത്തിന് പിന്നിലുള്ളവരുടെതെന്നും ഇത് അപലപനീയമാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. മാത്രമല്ല, അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന നടപടി ജനാധിപത്യ സമൂഹത്തില്‍ അനുവദിക്കാനാവില്ലെന്നും നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് പൊലീസ് കേസെടുത്തത്.

കേരളത്തില്‍ എത്തുന്ന ദേശീയ-അന്തര്‍ദ്ദേശീയ വ്യക്തിത്വങ്ങളുടെ വഴി തടയുന്നതുപോലുള്ള നീക്കങ്ങള്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം, നെയ്യാറ്റിന്‍കരയില്‍ നടത്തിയ പ്രസംഗത്തില്‍ തുഷാര്‍ ഗാന്ധിക്കെതിരെ കലാപ ശ്രമത്തിനും വിദ്വേഷ പ്രസംഗത്തിനും ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപിയും പരാതി നല്‍കിയിട്ടുണ്ട്. തുഷാര്‍ ഗാന്ധിയെ തടഞ്ഞതുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ രണ്ട് പേരാണ് പരാതിക്കാര്‍.

More Stories from this section

family-dental
witywide