
ന്യൂഡൽഹി: മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂർ റാണയുടെ ചോദ്യംചെയ്യൽ തുടർന്ന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). റാണയുടെ കേരളസന്ദർശനവും അന്വേഷണസംഘം പരിശോധിക്കുന്നതിനിടെ, കൊച്ചിയിൽനിന്നുള്ള എൻഐഎ ഉദ്യോഗസ്ഥരും ഡൽഹിയിലെത്തി. ഡിഐജി, എസ്‍പി റാങ്കിലുള്ള മുതിർന്ന ഉദ്യോഗസ്ഥരാണെത്തിയത്. ഇവർ എൻഐഎ ആസ്ഥാനത്ത് റാണയുടെ ചോദ്യംചെയ്യലിന്റെ ഭാഗമാകുന്നുണ്ടെന്നാണ് സൂചന.
2008 നവംബർ 26-ലെ മുംബൈ ഭീകരാക്രമണത്തിനുമുൻപ് റാണ ഭാര്യ സമ്രാസ് അക്തർക്കൊപ്പം കൊച്ചി സന്ദർശിച്ചിരുന്നു. നവംബർ 11 മുതൽ 21 വരെ രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ യാത്രചെയ്തപ്പോഴാണ് കൊച്ചിയിലുമെത്തിയത്.
അന്നത്തെ സന്ദർശനത്തിന്റെ വിവരങ്ങൾ സംബന്ധിച്ച എൻഐഎ റിപ്പോർട്ടുകൾ ഇപ്പോഴത്തെ ചോദ്യംചെയ്യലിന് ഉപയോഗിക്കുന്നുണ്ട്. കൊച്ചിക്കുപുറമേ കേരളത്തിൽ മറ്റെവിടെയെങ്കിലും റാണ പോയിരുന്നോ, ആരെയൊക്കെ ബന്ധപ്പെട്ടു, താമസത്തിനും സഞ്ചാരത്തിനും സഹായം നൽകിയതാര് എന്നിങ്ങനെ പല ചോദ്യങ്ങൾക്കും വ്യക്തമായ ഉത്തരംകിട്ടാനുണ്ട്.
ഭീകരവാദ റിക്രൂട്ട്‌മെന്റിനും മുംബൈ ഭീകരാക്രമണത്തിനുവേണ്ട തയ്യാറെടുപ്പുകൾക്കുമായിട്ടായിരുന്നു റാണയുടെ സഞ്ചാരമെന്നാണ് ഏജൻസികൾ കരുതുന്നത്.
NIA officials from Kochi to Interrogate Tahawwur Rana