മലപ്പുറം: നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് അടിച്ചു തകര്‍ത്ത കേസില്‍ പി വി അന്‍വര്‍ എം എല്‍ എയെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറത്ത് കട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് അൻവറിന്‍റെ നേതൃത്വത്തിൽ ഡി എം കെ പ്രവർത്തകർ നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് അടിച്ചു തകർത്ത സംഭവത്തിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരമെടുത്ത കേസിലാണ് അൻവറിനെ അറസ്റ്റ് ചെയ്തത്.
നിലമ്പൂരിലെ ഒതായിയിലുള്ള വീടിനു മുന്നിൽ വൻ പൊലീസ് സന്നാഹമെത്തിയാണ് അറസ്റ്റ് ചെയ്തത്. പിണറായി സർക്കാരിന്‍റെ ഭരണകൂട ഭീകരതയെന്ന് പ്രതികരിച്ച അൻവർ, പുറത്തിറങ്ങിയിട്ട് കാണാമെന്നും വെല്ലുവിളിച്ചു.
നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് അടിച്ചു തകർത്ത സംഭവത്തിൽ അൻവറടക്കം 11 പേർക്കെതിരെയാണ് കേസ്. നിലമ്പൂർ പൊലീസാണ് കേസെടുത്തത്. കൃത്യനിർവഹണം തടയൽ, പൊതുമുതൽ നശിപ്പിക്കൽ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.
കരുളായിലുണ്ടായ കാട്ടാന ആക്രമണത്തില്‍ മാഞ്ചീരി പൂച്ചപ്പാറ കോളനിയിലെ മണി (35) ആണ് മരിച്ചത്. ഇന്നലെ രാത്രി വീട്ടിലേക്ക് നടന്നുപോകുമ്പോഴാണ് കാട്ടാന ആക്രമണം ഉണ്ടായത്. ഉള്‍വനത്തിലൂടെ സഞ്ചരിച്ചാല്‍ മാത്രമാണ് കോളനിയില്‍ എത്താന്‍ കഴിയുക. ആക്രമണം ഉണ്ടായത് അറിഞ്ഞ് വനംവകുപ്പ് ജീവനക്കാര്‍ എത്തിയാണ് ആശുപത്രിയിലെത്തിച്ചത്. പുലര്‍ച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.