ഒമ്പത് മാസമായി ബഹിരാകാശത്ത്; ആളുകൾക്കിടയിൽ ആശങ്ക ഉയരുമ്പോൾ നിർണായകമായ പ്രതികരണവുമായി സുനിത വില്യംസ്

കാലിഫോർണിയ: ഒമ്പത് മാസമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ഐഎസ്എസ്) കഴിയുകയാണ് നാസയുടെ ഗവേഷണ സഞ്ചാരികളായ സുനിത വില്യംസും ബുച്ച് വിൽമോറും. ഒരാഴ്ചത്തെ ദൗത്യത്തിനായി ഭൂമിയിൽ നിന്ന് യാത്ര തിരിച്ച ഇവർക്ക് തിരിച്ച് എത്താൻ സാധിച്ചിട്ടില്ല. ഇവരുടെ മടക്കയാത്രയെ കുറിച്ച് ഏറെ അനിശ്ചിതത്വങ്ങൾ നിലനിൽക്കുകയാണ്. പലതവണ സുനിയുടെയും ബുച്ചിൻറെയും മടക്കയാത്ര നാസയ്ക്ക് നീട്ടിവെക്കേണ്ടിവന്നു.

ഐഎസ്എസിലെ ദീർഘമായ വാസം ഭൂമിയിലെ ആളുകൾക്കിടയിൽ ഉയർത്തുന്ന ആശങ്കകളിൽ കഴമ്പില്ല എന്നാണ് സുനിത വില്യംസും ബുച്ച് വിൽമോറും പ്രതികരിക്കുന്നത്. ‘എപ്പോഴാണ് ഞങ്ങൾ തിരിച്ചെത്തുക എന്നത് സംബന്ധിച്ച് ഭൂമിയിലെ ആളുകൾക്ക് കൃത്യമായി അറിയാത്തതാണ് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം എന്നാണ് എനിക്ക് തോന്നുന്നത്, അത്തരത്തിലുള്ള എല്ലാ അനിശ്ചിതത്വങ്ങളും വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്’- എന്നുമായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് സുനിത വില്യംസിൻറെ മറുപടി.

അതേസമയം, സുനിത വില്യംസിൻറെയും ബുച്ച് വിൽമോറിൻറെയും ബഹിരാകാശ ജീവിതം ഇത്രയുമധികം നീളാൻ രാഷ്ട്രീയ കാരണങ്ങളുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നുള്ള പ്രതികരണമാണ് ബുച്ച് നടത്തിയത്. സുനിതയും ബുച്ചും ബഹിരാകാശ നിലയത്തിൽ മുൻ നിശ്ചയിച്ചതിൽ നിന്ന് വിപരീതമായി 9 മാസത്തോളം കഴിയേണ്ടിവന്നതിനെ രാഷ്ട്രീയവത്കരിക്കാൻ പുതിയ പ്രസിഡൻറ് ഡോണൾഡ് ട്രംപും അദേഹത്തിൻറെ ഉപദേശകനും സ്വകാര്യ ബഹിരാകാശ വിക്ഷേപണ കമ്പനിയായ സ്പേസ് എക്സിൻറെ ഉടമയുമായ ഇലോൺ മസ്കും ശ്രമിച്ചിരുന്നു.

More Stories from this section

family-dental
witywide