‘തരൂരിനെ കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കും’, തിരുത്ത് സ്വാഗതം ചെയ്ത് സുധാകരൻ; ‘മുല്ലപ്പള്ളിയും താനും ഒരമ്മപെറ്റ മക്കളെപ്പോലെ’

കോഴിക്കോട്: സംസ്ഥാന സർക്കാരിന്‍റെ വികസന നേട്ടങ്ങളെക്കുറിച്ചുള്ള വർണനയിൽ ശശി തരൂർ തിരുത്ത് വരുത്താൻ തയ്യാറായതിനെ സ്വാഗതം ചെയ്ത് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ. തരൂർ മാറ്റിപ്പറയാനും തിരുത്താനും തയ്യാറായതിനെ സ്വാഗതം ചെയ്യുന്നുവെന്ന് സുധാകരൻ വ്യക്തമാക്കി. വലിയ അബദ്ധം ഒന്നും ശശി തരൂർ പറഞ്ഞിട്ടില്ലെന്നും കണ്ണിലെ കൃഷ്ണമണി പോലെ കോൺഗ്രസ് അദ്ദേഹത്തെ സംരക്ഷിക്കുമെന്നും കെ പി സി സി അധ്യക്ഷൻ വ്യക്തമാക്കി. തരൂരിന്റെ വലിയ മനസ്സിന് നന്ദിയെന്നും സുധാകരൻ കൂട്ടിച്ചേർത്തു. മുൻ കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം നടത്തിയ പ്രതികരണത്തിലാണ് തരൂരിന്‍റെ തിരുത്ത് സുധാകരൻ സ്വാഗതം ചെയ്തത്.

അതേസമയം മുല്ലപ്പള്ളി രാമചന്ദ്രനും താനും ഒരമ്മപെറ്റ മക്കളെപ്പോലെയാണെന്നും സുധാകരന്‍ പറഞ്ഞു. ഇടത് സര്‍ക്കാരിനെതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് മുല്ലപ്പള്ളിയെ ആവശ്യമുണ്ടെന്നും തങ്ങള്‍ക്കിടയില്‍ കമ്മ്യൂണിക്കേഷന്‍ ഗ്യാപ്പ് ആണ് ഉണ്ടായിരുന്നതെന്നും ഇനി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കണ്ണൂരിലെ രാഷ്ട്രീയത്തില്‍ ഒരുമിച്ചുനിന്ന് ഒരുമിച്ച് മുമ്പോട്ടുപോയവരാണ് തങ്ങളെന്നും വ്യക്തിപരമായി യാതൊരു പ്രശ്‌നവുമില്ലെന്നും സുധാകരന്‍ കൂട്ടിച്ചേർത്തു.

More Stories from this section

family-dental
witywide