റിയാദ്: സൗദി അറേബ്യയും ഇസ്രായേലും തമ്മിൽ ബന്ധം സ്ഥാപിക്കാനായി അധികം കാത്തിരിക്കേണ്ടി വരില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പ്രസിഡന്റായി ചുമതലയേറ്റെടുത്ത ശേഷം നടത്തിയ പ്രതികരണത്തിലായിരുന്നു ട്രംപിന്റെ വാക്കുകൾ. സൗദി അറേബ്യ യുഎസിൽ കൂടുതൽ നിക്ഷേപം നടത്തിയാൽ തുടർച്ചയായ രണ്ടാം തവണയും തന്റെ ആദ്യ സന്ദർശനം സൗദിയിലേക്കാകുമെന്നും ട്രംപ് പറഞ്ഞു. യുഎസിലേക്ക് 600 ബില്യൺ ഡോളറിന്റെ നിക്ഷേപം നാല് വർഷത്തിനകം ഉണ്ടാകുമെന്ന് സൗദി കിരീടാവകാശി ഉറപ്പ് നൽകിയിരുന്നു.
സൗദിയും ഇസ്രായേലും തമ്മിൽ ബന്ധം സ്ഥാപിക്കാനിരിക്കെയായിരുന്നു ഹമാസിന്റെ ഇസ്രായേൽ ആക്രമണം. പിന്നാലെ ഇസ്രായേൽ ആക്രമണം തുടങ്ങിയതോടെ വിഷയം സൗദി ഉപേക്ഷിച്ചു. ഫലസ്തീൻ അന്താരാഷ്ട്ര തലത്തിൽ ചർച്ചയായതോടെ അവർക്ക് രാഷ്ട്രമില്ലാതെ ഇസ്രായേലുമായി ബന്ധമുണ്ടാകില്ലെന്നായിരുന്നു സൗദി കിരീടാവകാശിയുടെ പ്രഖ്യാപനം.
യുഎസ് പ്രസിഡണ്ടായി ഡോണൾഡ് ട്രംപ് എത്തിയതോടെ സൗദി ഇസ്രായേൽ ബന്ധം വീണ്ടും ചർച്ചയായി. ബന്ധത്തിലേക്ക് അധികം കാത്തിരിക്കേണ്ടി വരില്ലെന്നാണ് കഴിഞ്ഞ ദിവസം ട്രംപ് പറഞ്ഞത്. വിഷയത്തിൽ സൗദി പ്രതികരിച്ചിട്ടില്ല.