
ഡൽഹി: ഇന്ത്യയിലെ സുഗമമായ വോട്ടെടുപ്പിൽ ജനകീയ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനുള്ള യുഎസ് സഹായധനം നിർത്തലാക്കിയ യുഎസ് തീരുമാനം വന്നത് ഇന്ത്യയിൽ വൻ വിവാദമായി മാറിയിരുന്നു. യുഎസ് നൽകിവരുന്ന 21 ദശലക്ഷം ഡോളറിന്റെ (2.1 കോടി ഡോളർ) സഹായം നിർത്തലാക്കാൻ കഴിഞ്ഞ ദിവസമാണ്‘ഡോജ്’ (ഡിപ്പാർട്‌മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി) തീരുമാനിച്ചത്. എന്നാൽ, ഇന്ത്യക്കല്ല ഈ സാഹയം നൽകിയതെന്നും ബംഗ്ലദേശിനായിരുന്നുവെന്നുമാണ് ഇന്ത്യൻ എക്സ്പ്രസിന്റെ പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ഷെയ്ഖ് ഹസീന സർക്കാർ പുറത്താകുന്നതിനു മുമ്പായി ബംഗ്ലദേശിൽ 2024 ജനുവരിയിൽ നടന്ന തിരഞ്ഞെടുപ്പിന്റെ ഭാഗമായിട്ടാണ് തുക വിതരണം ചെയ്തിരുന്നതെന്നാണ് വിവരങ്ങൾ. ഇലോൺ മസ്ക് മേധാവിയായ യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി (ഡോജ്) പുറത്തുവിട്ട രണ്ടു പട്ടികയുടെ അടിസ്ഥാനത്തിൽ വാഷിംഗ്ടൺ ആസ്ഥാനമായ കൺസോർഷ്യം ഫോർ ഇലക്ഷൻസ് ആൻഡ് പൊളിറ്റിക്കൽ പ്രോസസ് സ്ട്രെങ്തനിങ് (സിഇപിപിഎസ്) എന്ന സ്ഥാപനം മുഖേനയാണ് വോട്ടെടുപ്പ് പ്രോത്സാഹിപ്പിക്കാനുള്ള ഫണ്ട് നൽകുന്നത്.
അത്തരത്തിൽ യുഎസ് എയ്ഡ് വഴി ആകെ നൽകുന്ന 48.6 കോടി ഡോളറിൽ 2.2 കോടി മോൾഡോവയ്ക്കും 2.1 കോടി ഇന്ത്യയ്ക്കും നൽകിയെന്നായിരുന്നു മസ്കിന്റെ അവകാശവാദം. പക്ഷേ, 2008ന് ശേഷം സിഇപിപിഎസിൽനിന്ന് ഇന്ത്യയ്ക്ക് സഹായമൊന്നും ലഭിച്ചിട്ടില്ലെന്ന് യുഎസ് ഫെഡറൽ ചെലവുകളുടെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പുതിയ റിപ്പോർട്ടുകൾ പറയുന്നു. മോൾഡോവയ്ക്കുള്ള സഹായം 2016 സെപ്റ്റംബറിൽ സിഇപിപിഎസിന് കൈമാറുകയും ഇതിൽ 1.32 കോടി ഡോളർ ഇതിനകം മോൾഡോവയ്ക്ക് വിതരണം ചെയ്യുകയും ചെയ്തിട്ടുണ്ട്. 2026നുള്ളിലാണ് ഈ തുക ചെലവിട്ടു തീർക്കേണ്ടത്.
എന്നാൽ, ഈ കാലയളവിൽ ഇന്ത്യയ്ക്ക് തുക കൈമാറിയതായി രേഖകൾ ഒന്നും തന്നെയില്ല. പക്ഷേ, 2022ൽ ജൂലൈയിൽ അമർ വോട്ട് അമർ (എന്റെ വോട്ട് എന്റേത്) എന്ന പദ്ധതി പ്രകാരം 2.1 കോടി ഡോളർ ബംഗ്ലദേശിനു കൈമാറിയതായി സിഇപിപിഎസിന്റെയും യുഎസ് ഫെഡറൽ സ്പെൻഡിങ്ങിന്റെയും രേഖകളിലുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.