ശബ്ദ സന്ദേശം വ്യാജമോ? നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ ഇതുവരെയും ഉത്തരവ് വന്നിട്ടില്ലെന്ന് ജയിൽ അധികൃതർ, എംബസിക്കും അറിവില്ല

വധശിക്ഷക്ക് വിധിക്കപ്പെട്ട് യമനിലെ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ ആശങ്കപ്പെടുത്തുന്ന ശബ്ദസന്ദേശത്തിൽ ആശയക്കുഴപ്പം. വധശിക്ഷ നടപ്പിലാക്കാന്‍ ഒരുക്കം തുടങ്ങിയെന്ന് സംശയിക്കുന്ന ശബ്ദസന്ദേശമാണ് ഇന്ന് ഉച്ചയോടെ നിമിഷ പ്രിയ പങ്കുവെച്ചത്. എന്നാൽ വധശിക്ഷ നടപ്പിലാക്കാനുള്ള സന്ദേശം ജയില്‍ അധികൃതര്‍ക്ക് ലഭിച്ചെന്നു പറയുന്ന നിമിഷ പ്രിയയുടെ ശബ്ദസന്ദേശത്തിൽ ഒരു സ്ഥിരീകരണവുമുണ്ടായിട്ടില്ല. നിമിഷ പ്രിയയുടെ വധശിക്ഷ സംബന്ധിച്ച് ഇതുവരെ അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് യമൻ ജയിൽ അധികൃതർ വ്യക്തമാക്കി. നിമിഷയുടെ മോചനത്തിനായി ഇടപെടൽ നടത്തുന്ന സാമുവൽ ജെറോമിനെയാണ് ജയിൽ അധികൃതർ ഇക്കാര്യം അറിയിച്ചത്.

വധശിക്ഷ നടപ്പാക്കാന്‍ തീരുമാനിച്ചെന്നറിയിച്ച് അഭിഭാഷകയുടെ ഫോൺ കോൾ വന്നിരുന്നുവെന്നും വധശിക്ഷ നടപ്പാക്കാൻ തീയതി നിശ്ചയിച്ചുവെന്നും ഇക്കാര്യം ജയിലധികൃതരെ അറിയിച്ചു എന്നുമായിരുന്നു നിമിഷയ്ക്ക് ലഭിച്ച സന്ദേശം. ആക്ഷൻ കൗൺസില്‍ ഭാരവാഹികള്‍ക്ക് അയച്ച ശബ്ദസന്ദേശത്തിലാണ് നിമിഷ പ്രിയ ഇക്കാര്യങ്ങൾ പറയുന്നത്. എന്നാൽ ഇത്തരത്തിലുള്ള യാതൊരു വിവരങ്ങളും തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നും ഈ വാർത്തയെ മുഴുവനായും തള്ളിക്കളയുകയുമാണ് യമൻ ജയിൽ. ഇന്ത്യൻ എംബസിക്കും ഇത്തരത്തിൽ ഒരു അറിയിപ്പും ലഭിച്ചിട്ടില്ല.

യമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിച്ച നിമിഷപ്രിയ നിലവിൽ യമനിലെ സനായിലെ ജയിലിലാണ് പാർപ്പിച്ചിരിക്കുന്നത്. തൊടുപുഴ സ്വദേശി ടോമി തോമസിന്റെ ഭാര്യയാണ് നിമിഷ പ്രിയ. നഴ്‌സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായ വാഗ്ദാനവുമായി വന്ന തലാൽ അബ്ദു മഹ്ദി പാസ്‌പോർട്ട് പിടിച്ചെടുത്ത് ക്രൂരമായി പീഡിപ്പിച്ചതിനാലാണ് കൊലപാതകം നടത്തിയതെന്നാണ് നിമിഷ പ്രിയയുടെ വാദം.

More Stories from this section

family-dental
witywide