
വാഷിംഗ്ടൺ: ചൈനയിലുള്ള യുഎസ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശങ്ങളുമായി ട്രംപ് ഭരണകൂടം. ചൈനീസ് പൗരന്മാരുമായി പ്രണയത്തിലേര്‍പ്പെടുന്നതിനും ശാരീരികബന്ധം പുലര്‍ത്തുന്നതിനുമാണ് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ചൈനയിലുള്ള യുഎസ് നയതന്ത്രജ്ഞര്‍, ഇവരുടെ കുടുംബാംഗങ്ങള്‍, സര്‍ക്കാര്‍ നിയമിച്ച മറ്റു ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്കെല്ലാം ഇത് ബാധകമാണ്. ഇക്കഴിഞ്ഞ ജനുവരി മുതല്‍ ചൈനയിലുള്ള യുഎസ് ഉദ്യോഗസ്ഥര്‍ക്ക് ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്.
ബെയ്ജിങ്ങിലെ യുഎസ് എംബസി, ഷാങ്ഹായ്, ഷെനിയാങ്, വുഹാന്‍, ഹോങ്കോങ് തുടങ്ങിയ സ്ഥലങ്ങളിലെ കോണ്‍സുലേറ്റുകള്‍ എന്നിവിടങ്ങളില്‍ ജോലിചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കാണ് പ്രധാനമായും പുതിയ നിര്‍ദേശം ലഭിച്ചിട്ടുള്ളത്. ഉദ്യോഗസ്ഥര്‍ക്ക് പുറമേ ഇവരുടെ കുടുംബാംഗങ്ങള്‍ക്കും രഹസ്യവിവരങ്ങള്‍ കൈകാര്യംചെയ്യുന്ന സര്‍ക്കാര്‍ നിയോഗിച്ച മറ്റു ഉദ്യോഗസ്ഥര്‍ക്കും പുതിയ നിര്‍ദേശം ബാധകമാണ്.
അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ ചൈനീസ് പൗരന്മാരുമായി പ്രണയത്തിലേര്‍പ്പെടാനോ ശാരീരികബന്ധം പുലര്‍ത്താനോ പാടില്ലെന്നാണ് അറിയിപ്പ്. ചൈനയ്ക്ക് പുറത്തുള്ള യുഎസ് ഉദ്യോഗസ്ഥര്‍ക്ക് ഇത് ബാധകമല്ല. അതേസമയം, നിലവില്‍ ചൈനീസ് പൗരന്മാരുമായി ഏതെങ്കിലും രീതിയിലുള്ള ബന്ധമുള്ളവര്‍ക്ക് ഇക്കാര്യത്തില്‍ ഇളവ് തേടാന്‍ അപേക്ഷ നല്‍കാം. എന്നാല്‍, ഈ അപേക്ഷ നിരസിക്കുകയാണെങ്കില്‍ ചൈനീസ് പൗരന്മാരുമായുള്ള ബന്ധം ഉപേക്ഷിക്കുകയോ അല്ലെങ്കില്‍ ജോലി ഉപേക്ഷിക്കുകയോ ചെയ്യേണ്ടി വരുമെന്നും ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്.