
കൊച്ചി : സിനിമാ സെറ്റിലെ ലഹരി ഉപയോഗത്തില്‍ വ്യാപക പരാതികള്‍ ഉയരുന്നതിനിടെ മന്ത്രിമാരടക്കം പ്രതികരണവുമായി രംഗത്ത്. സിനിമ സെറ്റ് പവിത്രമായ സ്ഥലമല്ലെന്നും ലഹരി പരിശോധന എല്ലായിടത്തും നടത്തുമെന്നും എക്‌സൈസ് വകുപ്പ് മന്ത്രി എംബി രാജേഷ്. ലഹരി പരിശോധനയില്‍ സിനിമ സെറ്റിന് മാത്രം പ്രത്യേക പരിഗണനയില്ലെന്നും മന്ത്രി രാജേഷ് വ്യക്തമാക്കി.
പരിശോധന ഒഴിവാക്കാന്‍ സിനിമാസെറ്റിന് പവിത്രതയൊന്നുമില്ലെന്നും ലഹരി പരിശോധന എല്ലായിടത്തും നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. ലഹരി വ്യാപനം തടയുക എന്നതാണ് പ്രാഥമിക ലക്ഷ്യമെന്നും എക്‌സൈസ് നടപടിയുമായി മുന്നോട്ട് പോകുമെന്നും നടി വിന്‍ സി അലോഷ്യസുമായി ബന്ധപ്പെട്ട് ഇതുവരെ ലഭിച്ച എല്ലാ പരാതികളും പരിശോധിച്ച് നടപടിയെടുക്കുമെന്നും എംബി രാജേഷ് പറഞ്ഞു.
ലഹരി ഉപയോഗിച്ച് നടി വിന്‍ സി. അലോഷ്യസിനോട് മോശമായി പെരുമാറിയത് നടന്‍ ഷൈന്‍ ടോം ചാക്കോയാണെന്ന് നടി തന്നെയാണ് കഴിഞ്ഞദിവസം വെളിപ്പെടുത്തിയത്. ഷൈനെതിരെ ഫിലിം ചേംബറിലും സിനിമയുടെ ഐസിസിക്കും വിന്‍ സി പരാതി നല്‍കുകയും ചെയിതിരുന്നു. ‘സൂത്രവാക്യം എന്ന’ സിനിമയുടെ സെറ്റില്‍ വച്ചാണ് നടന്‍ മോശമായി പെരുമാറിയതെന്നാണ് നടിയുടെ പരാതിയില്‍ പറയുന്നത്.