
സോൾ: ഉത്തര കൊറിയയുടെ ഏറ്റവും വലിയ യുദ്ധക്കപ്പൽ എന്തായിരിക്കാം എന്ന സൂചനകൾ നൽകി പുതിയ ഉപഗ്രഹ ചിത്രങ്ങൾ. ഉത്തര കൊറിയയുടെ ഏറ്റവും വലിയ യുദ്ധക്കപ്പലിന്‍റെ ഉപഗ്രഹ ചിത്രങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്. കിം ജോങ് ഉന്നിന്റെ നാവിക സേനയിലെ മറ്റേത് കപ്പലിന്റെയും ഇരട്ടിയിലധികം വലുപ്പമുള്ളതായിരിക്കാം ഇത്.
സ്വതന്ത്ര ഉപഗ്രഹ സേവനദാതാക്കളായ മാക്സർ ടെക്നോളജീസ്, പ്ലാനറ്റ് ലാബ്സ് എന്നിവ ഏപ്രിൽ 6 ന് എടുത്ത ചിത്രങ്ങളിൽ, തലസ്ഥാനമായ പ്യോങ്‌യാങ്ങിന് ഏകദേശം 60 കിലോമീറ്റർ (37 മൈൽ) തെക്കുപടിഞ്ഞാറായി ഉത്തര കൊറിയയുടെ പടിഞ്ഞാറൻ തീരത്തുള്ള നാംപോ കപ്പൽശാലയിലാണ് ഈ കപ്പൽ നിർമ്മിക്കുന്നത് എന്നാണ് വ്യക്തമാക്കുന്നത്.
കരയിലും കടലിലുമുള്ള ലക്ഷ്യസ്ഥാനങ്ങൾക്കെതിരെ ഉപയോഗിക്കാൻ ലംബ വിക്ഷേപണ ട്യൂബുകളിൽ മിസൈലുകൾ വഹിക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ള ഒരു ഗൈഡഡ്-മിസൈൽ ഫ്രിഗേറ്റായിരിക്കാം (FFG) ഈ കപ്പൽ എന്നും, ഇതിന്റെ ആയുധങ്ങളുടെയും മറ്റ് ആന്തരിക സംവിധാനങ്ങളുടെയും നിർമ്മാണം പുരോഗമിക്കുകയാണെന്നും വിദഗ്ധർ പറയുന്നു. ഈ FFG ഏകദേശം 140 മീറ്റർ (459 അടി) നീളമുള്ളതാണ്. ഇത് ഉത്തര കൊറിയയിൽ നിർമ്മിച്ചതിൽ വെച്ച് ഏറ്റവും വലിയ യുദ്ധക്കപ്പലാണെന്ന് സെന്റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇന്റർനാഷണൽ സ്റ്റഡീസിലെ ജോസഫ് ബെർമുഡെസ് ജൂനിയറും ജെന്നിഫർ ജൂണും നടത്തിയ വിശകലനത്തിൽ പറയുന്നു.
കിം ഭരണകൂടം സായുധ സേനയെ അതിവേഗം നവീകരിക്കുന്നതിൽ ഏർപ്പെട്ടിരിക്കുകയാണ്. യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ ഏത് ഭാഗത്തും എത്താൻ ശേഷിയുള്ള പുതിയ ആയുധങ്ങളും ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളും അവർ വികസിപ്പിക്കുന്നു. ആയുധങ്ങൾ വികസിപ്പിക്കാൻ ആവശ്യമായ വസ്തുക്കളും സാങ്കേതികവിദ്യയും ലഭ്യമാക്കുന്നതിന് ഐക്യരാഷ്ട്രസഭയുടെ ഉപരോധം ഉണ്ടായിരുന്നിട്ടും ഉത്തരകൊറിയ ഈ പരിശ്രമങ്ങൾ തുടരുന്നു. എന്നാൽ യുക്രൈൻ യുദ്ധം ആരംഭിച്ചതിനുശേഷം റഷ്യയുമായുള്ള അടുത്ത ബന്ധം ഉത്തര കൊറിയയെ ഐക്യരാഷ്ട്രസഭയുടെ ഉപരോധം മറികടക്കാൻ സഹായിക്കുന്നുണ്ടാകാം എന്നാണ് വിദഗ്ധര്‍ വിശദീകരിക്കുന്നത്.