തൊമഹോക് ക്രൂസ് മിസൈലുകൾ പ്രയോഗിക്കാൻ ശേഷിയുള്ള യുഎസ് അന്തർവാഹിനി ദക്ഷിണ കൊറിയൻ തുറമുഖത്ത്; പ്രകോപിപ്പിച്ചാൽ തിരിച്ചടിക്കുമെന്ന് ഉത്തര കൊറിയ

സോൾ: ദക്ഷിണ കൊറിയൻ തുറമുഖത്ത് യുഎസിന്റെ ആണവ അന്തർവാഹിനി നങ്കൂരമിട്ടതോടെ മുന്നറിയിപ്പുമായി ഉത്തര കൊറിയ. രാജ്യത്തിന്റെ സുരക്ഷക്ക് യുഎസ് ഗുരുതര ഭീഷണി ഉയർത്തുകയാണ് ചെയ്യുന്നതെന്ന് ഉത്തര കൊറിയൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. കൊറിയൻ ഉപഭൂഖണ്ഡത്തിൽ യുഎസ് ആണവ അന്തർ വാഹിനിയുടെ സാന്നിധ്യം ഏറ്റുമുട്ടാനുള്ള അമേരിക്കൻ ഭ്രാന്താണ് പ്രകടമാക്കുന്നത്.

അപകടകരവും ശത്രുതപരവുമായ യു.എസ് സൈനിക നടപടിയിൽ കടുത്ത ആശങ്കയുണ്ടെന്നും ഉത്തര കൊറിയ വ്യക്തമാക്കി.ഈ പ്രകോപന നീക്കം മേഖലയിൽ ഏറ്റുമുട്ടലിനും യുദ്ധത്തിനും വഴിവെക്കും. പ്രകോപിപ്പിക്കുന്നവർക്ക് അതേ നാണയത്തിൽ മറുപടി കൊടുക്കാൻ ഉത്തര കൊറിയ ഒരു മടിയും കാണിക്കില്ലെന്നുള്ള മുന്നറിയിപ്പും ഉത്തര കൊറിയൻ പ്രതിരോധ മന്ത്രാലയം നൽകിയിട്ടുണ്ട്. യുഎസ് ഏകാധിപത്യ രാജ്യമാണെന്ന് ആരോപിച്ച ഉത്തര കൊറിയ, അധികാരത്തിലൂടെ ആധിപത്യം നേടാമെന്ന വിശ്വാസം മാറ്റിവയ്ക്കണമെന്നും തുറന്നടിച്ചു.

യുഎസ് നാവിക സേനയുടെ അതിവേഗ ആക്രമണ ശേഷിയുള്ള യു എസ് എസ് അലക്സാൻഡ്രിയ അന്തർവാഹിനിയാണ് തിങ്കളാഴ്ച ബുസാൻ തുറമുഖത്ത് നങ്കൂരമിട്ടത്. സാധനങ്ങൾ വാങ്ങുന്നതിനും ജീവനക്കാർക്ക് വിശ്രമിക്കാനുമാണ് അന്തർവാഹിനി നങ്കൂരമിട്ടതെന്ന് ദക്ഷിണ കൊറിയൻ പ്രതിരോധ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. തൊമഹോക് ക്രൂസ് മിസൈലുകൾ പ്രയോഗിക്കാൻ ശേഷിയുള്ളതാണ് പസഫിക് സേനയുടെ ഭാഗമായ യു എസ് എസ് അലക്സാൻഡ്രിയ.

More Stories from this section

family-dental
witywide