സെയ്ഫിന്റെ വീട്ടില്‍ നിന്നും ലഭിച്ച ഒരു വിരലടയാളം പോലും പിടിയിലായ ബംഗ്ലാദേശ് പൗരന്റേതല്ല, ആക്രമണ കേസില്‍ ട്വിസ്റ്റ് !

മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ ആക്രമിച്ച സംഭവത്തില്‍ വന്‍ ട്വിസ്റ്റ്. താരത്തെ ആക്രമിച്ചതിനു പിന്നാലെ പിടിയിലായ ഷരീഫുള്‍ ഇസ്ലാമിന്റെ വിരലടയാളങ്ങളുമായി സെയ്ഫിന്റെ വീട്ടില്‍ നിന്നും ലഭിച്ച വിരലടയാളങ്ങളിലൊന്നുപോലും പൊരുത്തപ്പെടുന്നില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. സെയ്ഫിന്റെ വീട്ടില്‍ നിന്ന് ശേഖരിച്ച 19 സെറ്റ് വിരലടയാളങ്ങള്‍ പരിശോധിച്ചിരുന്നു. എന്നാല്‍ പ്രതിയെന്നു കരുതി പൊലീസ് പിടിച്ച ഷരീഫുള്‍ ഇസ്ലാമിന്റെ വിരലടയാളം സെയ്ഫിന്റെ വീട്ടില്‍ നിന്നും ലഭിച്ചിട്ടില്ല.

വിരലടയാളങ്ങള്‍ സംസ്ഥാന ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ (സിഐഡി) ഫിംഗര്‍പ്രിന്റ് ബ്യൂറോയിലേക്ക് അയച്ചാണ് പരിശോധിച്ചത്. സിസ്റ്റം ജനറേറ്റഡ് റിപ്പോര്‍ട്ടില്‍ ഷരീഫുളിന്റെ വിരലടയാളങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്നാണ് കണ്ടെത്തല്‍. പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് സിഐഡി മുംബൈ പൊലീസിനെ അറിയിച്ചു. കൂടുതല്‍ പരിശോധനയ്ക്കായി മുംബൈ പൊലീസ് കൂടുതല്‍ സാമ്പിളുകള്‍ അയച്ചിട്ടുണ്ട്.

ജനുവരി 15 നാണ് മോഷ്ടാവ് വീട്ടില്‍ അതിക്രമിച്ചു കയറിയതും പ്രതിരോധിച്ച സെയ്ഫിന് കുത്തേറ്റതും. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അനധികൃതമായി ഇന്ത്യയില്‍ പ്രവേശിച്ച ബംഗ്ലാദേശ് പൗരനായ ഷരീഫുളിനെ പൊലീസ് പിടികൂടുകയായിരുന്നു. ഇയാള്‍ കുറ്റം സമ്മതിക്കുകയും ചെയ്തിരുന്നു. പൊലീസ് കുടുക്കുകയായിരുന്നുവെന്നും സെയ്ഫിന്റെ വീട്ടില്‍ നിന്നും പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിലുള്ളത് തന്റെ മകനല്ലെന്നും ഷരീഫുളിന്റെ പിതാവ് പ്രതികരിച്ചിരുന്നു.

More Stories from this section

family-dental
witywide