‘ആർഎസ്എസ് നേതാക്കളുടെ വീട്ടിലെ ഒരു പട്ടി പോലും സ്വാതന്ത്ര്യ സമരത്തിൽ ചത്തിട്ടില്ല’; രൂക്ഷ ഭാഷയിൽ ഖർഗെയുടെ വിമർശനം

ഡൽഹി: ആർ എസ് എസിനെയും ബി ജെ പിയെയും കടന്നാക്രമിച്ച് കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ. അധികാരത്തിലേറിയ ശേഷം രാജ്യസ്നേഹം വാതോരാതെ പ്രസംഗിക്കുന്ന ബി ജെ പി – ആർ എസ് എസ് നേതാക്കളുടെ വീട്ടിലെ ഒരു പട്ടി പോലും സ്വാതന്ത്ര്യ സമരത്തിൽ ചത്തിട്ടില്ലെന്നാണ് മല്ലികാർജ്ജുൻ ഖർഗെ ഇന്ന് വിമർശിച്ചത്. ആർഎസ്എസിൽ നിന്ന് ആരെങ്കിലും ജയിലിൽ പോയിട്ടുണ്ടോ എന്നും കോൺഗ്രസ് അധ്യക്ഷൻ ചോദിച്ചു. സ്വാതന്ത്ര്യ സമരത്തിൽ കോൺഗ്രസ് വഹിച്ച പങ്ക് വിവരിച്ചുകൊണ്ടാണ് ആർ എസ് എസിന്‍റെ ഇപ്പോഴത്തെ രാജ്യസ്നേഹത്തെ മല്ലികാർജ്ജുൻ ഖർഗെ വിമർശിച്ചത്.

രാജ്യത്തിന്‍റെ ആദ്യ പ്രധാനമന്ത്രിയായിരുന്ന ജവഹർ ലാൽ നെഹ്റു സ്വാതന്ത്ര്യ സമരത്തിന്‍റെ ഭാഗമായി 13 വർഷം ജയിലിൽ കിടന്നെന്ന് അദ്ദേഹം ചൂണ്ടികാട്ടി. മുൻ പ്രധാനമന്ത്രിമാരായ ഇന്ദിര ഗാന്ധിയും, രാജീവ് ഗാന്ധിയും രാജ്യത്തിനായി ജീവൻ നൽകിയെന്നും ഖർഗെ കൂട്ടിച്ചേര്‍ത്തു. ബിഹാറിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു മല്ലികാർജ്ജുൻ ഖർഗെ സംഘ പരിവാറിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്.

നാഷണൽ ഹെറാൾഡ് കേസിൽ മുൻ കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിക്കും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കുമെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമർപ്പിച്ച കുറ്റപത്രത്തെക്കുറിച്ചും പ്രസംഗത്തിനിടെ മല്ലികാർജുൻ ഖാർഗെ പരാമർശിച്ചു. കേസ് ഭരണകക്ഷിയുടെ രാഷ്ട്രീയ വേട്ടയാടലാണെന്ന് ഖാർഗെ വിമര്‍ശിച്ചു. രാഷ്ട്രീയമായും നിയമപരമായും കേസിനെതിരെ പോരാടുമെന്നും കോൺഗ്രസ് അധ്യക്ഷൻ വ്യക്തമാക്കി.

More Stories from this section

family-dental
witywide