
ശ്രീനഗര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി ആരംഭിച്ച അമിതവണ്ണത്തിനെതിരായ പ്രചാരണത്തില്‍ പങ്കുചേരുന്നതില്‍ സന്തോഷം പ്രകടിപ്പിച്ച് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. അമിതവണ്ണത്തിനെതിരായ പോരാട്ടം ശക്തിപ്പെടുത്തുന്നതിനായി പ്രധാനമന്ത്രി മോദി തിങ്കളാഴ്ച ഒമര്‍ അബ്ദുള്ള ഉള്‍പ്പെടെ പത്തുപേരെ നാമനിര്‍ദ്ദേശം ചെയ്തിരുന്നു. നടന്‍ മോഹന്‍ലാലും ഗായിക ശ്രേയ ഘോഷ്‌ലാലും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു.
ഫെബ്രുവരി 23 ന്, തന്റെ മന്‍ കി ബാത്ത് റേഡിയോ പരിപാടിയുടെ 119-ാമത് എപ്പിസോഡില്‍, ഇന്ത്യയില്‍, പ്രത്യേകിച്ച് കുട്ടികളില്‍, വര്‍ദ്ധിച്ചുവരുന്ന പൊണ്ണത്തടി പ്രശ്‌നത്തെക്കുറിച്ച് പ്രധാനമന്ത്രി മോദി സംസാരിച്ചിരുന്നു. ദൈനംദിന ഭക്ഷണക്രമത്തില്‍ ചെറുതും എന്നാല്‍ പ്രധാനപ്പെട്ടതുമായ മാറ്റങ്ങള്‍ വരുത്താന്‍ ജനങ്ങളോട് അദ്ദേഹം അഭ്യര്‍ത്ഥിക്കുകയും ചെയ്തു. എപ്പിസോഡിന് ശേഷം എണ്ണയുടെ ഉപയോഗം 10% കുറയ്ക്കാന്‍ താന്‍ പത്തുപേരെ പ്രേരിപ്പിക്കുകയും ചലഞ്ച് ചെയ്യുകയും ചെയ്യുമെന്നും മന്‍ കി ബാത്തില്‍ മോദി പറഞ്ഞിരുന്നു. തുടര്‍ന്നാണ് പ്രമുഖരെ അദ്ദേഹം മെന്‍ഷന്‍ ചെയ്ത് പോസ്റ്റിട്ടത്. മാത്രമല്ല, ഇവരോട് മറ്റ് 10 പേരെ നിര്‍ദേശിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
പോസ്റ്റിനുള്ള മറുപടിയായി, പൊണ്ണത്തടിയെക്കുറിച്ച് അവബോധം പ്രചരിപ്പിക്കുന്നതിനായി പത്ത് പേരെ കൂടി ഒമര്‍ അബ്ദുള്ള നാമനിര്‍ദ്ദേശം ചെയ്തു. പ്രധാനമന്ത്രി ആരംഭിച്ച അമിതവണ്ണത്തിനെതിരായ പ്രചാരണത്തില്‍ പങ്കുചേരാന്‍ കഴിഞ്ഞതില്‍ തനിക്ക് വളരെ സന്തോഷമുണ്ടെന്നും ഹൃദ്രോഗം, ടൈപ്പ് 2 പ്രമേഹം, പക്ഷാഘാതം, ശ്വസന പ്രശ്‌നങ്ങള്‍ തുടങ്ങിയ ജീവിതശൈലിയുമായി ബന്ധപ്പെട്ട നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് അമിതവണ്ണം കാരണമാകുന്നുവെന്നും അദ്ദേഹം മറുപടിയില്‍ കുറിച്ചു.
ആരോഗ്യപരമായ ജീവിതശൈലിക്ക് പേരുകേട്ട രാഷ്ട്രീയ നേതാവാണ് ഒമര്‍ അബ്ദുള്ള.
കഠിനമായ വ്യായാമത്തോടെയാണ് അദ്ദേഹത്തിന്റെ പതിവ് ദിവസം ആരംഭിക്കുന്നത്. എപ്പോഴും നടക്കാന്‍ ഇഷ്ടപ്പെടുന്നയാളാണ്. മാത്രമല്ല, യാത്രയ്ക്കിടെ തന്റെ ലഗേജ് കൊണ്ടുപോകാന്‍ സഹായിക്കുകയോ മഴയത്ത് കുട പിടിച്ച് കൊടുക്കുകയോ ചെയ്യുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ല. സമയം കിട്ടുമ്പോള്‍ 56 കാരനായ ഇദ്ദേഹം സൈക്ലിംഗ്, ട്രെക്കിംഗ് അല്ലെങ്കില്‍ പര്‍വതാരോഹണം എന്നിവയ്ക്കും പോകാറുമുണ്ട്.