
പ്രയാഗ് രാജ് : ഉത്തര്‍പ്രദേശില്‍ 2025 ലെ മഹാ കുംഭമേള പ്രയാഗ്രാജില്‍ പുരോഗമിക്കുന്നു. കുംഭമേള അവസാനിക്കാന്‍ അഞ്ച് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ത്രിവേണി സംഗമത്തിന്റെ പുണ്യതീരം വന്‍തോതില്‍ ഭക്തജനപ്രവാഹത്തിന് സാക്ഷ്യം വഹിക്കുകയാണ്. ഫെബ്രുവരി 26 നാണ് മഹാകുംഭമേള അവസാനിക്കുക. അതിനാല്‍ത്തന്നെ തീര്‍ത്ഥാടകര്‍ ഈ ആത്മീയ ഒത്തുചേരല്‍ പരമാവധി പ്രയോജനപ്പെടുത്തുകയും പുണ്യസ്‌നാനം നടത്തുകയും ചെയ്യുന്നുണ്ട്. വലിയ ജനക്കൂട്ടത്തിനിടയിലും, വേദിയിലെ ക്രമീകരണങ്ങളെയും ശുചിത്വത്തെയും ഭക്തര്‍ അഭിനന്ദിക്കുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഒരു വനിതാ തീര്‍ത്ഥാടക തന്റെ നന്ദി പ്രകടിപ്പിച്ചു, ‘ഇവിടത്തെ മാനേജ്മെന്റ് മികച്ചതാണ്. ഇത്രയും വലിയ ജനക്കൂട്ടമുണ്ടായിട്ടും, എല്ലാം വളരെ ചിട്ടയായും വൃത്തിയായും ആണ് നടത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ പങ്കെടുത്തു, സുഗമമായ ക്രമീകരണങ്ങള്‍ ഉറപ്പാക്കിയതിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും പ്രധാനമന്ത്രി മോദിക്കും ഞാന്‍ നന്ദി പറയുന്നു.’
വാരാന്ത്യത്തിലെ തിരക്ക് കണക്കിലെടുത്ത്, പ്രയാഗ്രാജ് റെയില്‍വേ സ്റ്റേഷനിലും സംഗമത്തിലേക്കുള്ള റോഡുകളിലും തിരക്ക് വര്‍ദ്ധിച്ചുട്ടുണ്ട്. അവസാന ദിവസങ്ങളോട് അടുക്കുന്നതിനാല്‍ തിരക്ക് കണക്കിലെടുത്ത്, സുഗമമായ നടത്തിപ്പ് ഉറപ്പാക്കുന്നതിനുള്ള സുരക്ഷാ ഒരുക്കങ്ങള്‍ ചീഫ് സെക്രട്ടറിയും ഡിജിപിയും വെള്ളിയാഴ്ച വിലയിരുത്തി. ഗതാഗതക്കുരുക്കും തിരക്കും നിയന്ത്രിക്കാനായി സര്‍ക്കാര്‍ ഏഴ് മുതിര്‍ന്ന ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.