സമരം അവസാനിപ്പിക്കാന്‍ നടപടി അഭ്യര്‍ത്ഥിച്ച് സിപിഎം ജനറൽ സെക്രട്ടറിക്ക് ആശമാരുടെ തുറന്ന കത്ത്, ‘അനുഭാവ പൂര്‍വമായ സമീപനമെങ്കിൽ വിട്ടുവീഴ്ചയ്ക്ക് റെഡി’

തിരുവനന്തപുരം: സെക്രട്ടേറിയേറ്റിന് മുന്നിൽ നടക്കുന്ന സമരം മൂന്നാം മാസത്തിലേക്ക് കടക്കാനിരിക്കെ സമരം അവസാനിപ്പിക്കാന്‍ നടപടി അഭ്യര്‍ത്ഥിച്ച് സിപിഎം ജനറൽ സെക്രട്ടറിക്ക് ആശമാരുടെ തുറന്ന കത്ത്. സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് അനുഭാവ പൂര്‍വമായ സമീപനമുണ്ടായാല്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറെന്നാണ് ആശാ സമരസമിതി കത്തിലൂടെ അറിയിച്ചത്. സിപിഎം ജനറല്‍ സെക്രട്ടറിക്ക് അയച്ച തുറന്ന കത്തിൽ സമരം അവസാനിപ്പിക്കാന്‍ ആവശ്യമായ നടപടിയെടുക്കണമെന്നും അഭ്യര്‍ത്ഥനയുണ്ട്. സമരം നീട്ടിക്കൊണ്ടു പോകണമെന്ന കടുംപിടുത്തം ഇല്ലെന്നും സമരത്തോട് സർക്കാരും സി പി എമ്മും പുലർത്തുന്ന സമീപനം പുന:പരിശോധിക്കണമെന്നും സ്ത്രീത്തൊഴിലാളികളുടെ അന്തസ്സും അവകാശബോധവും ഉയർത്തിയ സമരത്തെ ഉൾക്കൊള്ളുന്നതിൽ സങ്കുചിതമായ രാഷ്ട്രീയ പരിഗണനകൾ തടസ്സമായിക്കൂടായെന്നും കത്തില്‍ പറയുന്നു.

എന്നാൽ മുന്‍നിലപാട് ആവര്‍ത്തിക്കുകയാണ് സി പി എം ജനറല്‍സെക്രട്ടറി എം എം ബേബി ചെയ്തത്. മറ്റ് ട്രേഡ് യൂണിയനുകളുമായി കൂടിയാലോചനയില്ലാതെയാണ് ആശമാര്‍ സമരത്തിന് ഇറങ്ങിയതെന്ന് എംഎ ബേബി ആവർത്തിച്ചു. സമരം വേഗം തീർക്കാനുള്ള ശ്രമങ്ങൾ നടത്താമെന്നും ബേബി വിവരിച്ചു.

അതേസമയം സമരം തീര്‍ക്കാന്‍ സര്‍ക്കാര്‍ വിട്ടുവീഴ്ച ചെയ്തുള്ള നിര്‍ദേശങ്ങളാണ് മുന്നോട്ടുവച്ചതെന്നാണ് തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി പ്രതികരിച്ചത്. രാപ്പകല്‍ സമരം 58 ദിവസം പിന്നിടുമ്പോള്‍ ഇനി ഒന്നും ചെയ്യാനില്ലെന്നാണ് തൊഴില്‍മന്ത്രി പറയുന്നത്. രണ്ടുമന്ത്രിമാര്‍ സമരക്കാരുമായി ചര്‍ച്ചനടത്തി. പരമാവധി നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചു. ഇനി എന്തുവേണമെന്ന് സമരക്കാര്‍ തീരുമാനിക്കട്ടേയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശനിയാഴ്ച സാമൂഹിക- സാംസ്കാരിക രംഗത്തെ പ്രമുഖരെ സംഘടിപ്പിച്ച് സെക്രട്ടറിയേറ്റിന് മുന്നില്‍ പൗരസാഗരം ഒരുക്കലാണ് സമരസമിതിയുടെ അടുത്ത പരിപാടി.

Also Read

More Stories from this section

family-dental
witywide