ന്യൂഡല്‍ഹി : ഓപ്പണ്‍എഐ സിഇഒ സാം ആള്‍ട്ട്മാന്‍ ഫെബ്രുവരി 5 ന് (ബുധനാഴ്ച) ഇന്ത്യ സന്ദര്‍ശിച്ചേക്കുമെന്ന് വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കാണാനും ബിസിനസുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കുമായാണ് ഈ സന്ദര്‍ശനമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. രണ്ട് വര്‍ഷത്തിനിടെ ആള്‍ട്ട്മാന്റെ രണ്ടാമത്തെ ഇന്ത്യാ സന്ദര്‍ശനമാണിത്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഭീമനായ ഓപ്പണ്‍എഐ, എഐ മോഡലുകളെ പരിശീലിപ്പിക്കാന്‍ അനുവാദമില്ലാതെ തങ്ങളുടെ ഉള്ളടക്കം ഉപയോഗിച്ചതായി അവകാശപ്പെടുന്ന വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയുടെ കേസിന്റെ പശ്ചാത്തലത്തില്‍ക്കൂടിയാണ് ആള്‍ട്ട്മാന്റെ സന്ദര്‍ശനം. കുറഞ്ഞ ചെലവില്‍ ചൈനീസ് സ്റ്റാര്‍ട്ട് അപ്പ് ആയ ഡീപ്സീക്ക് അതിന്റെ R1 മോഡലിലൂടെ ഓപ്പണ്‍എഐയുടെയും മറ്റ് മുന്‍നിര പാശ്ചാത്യ എഐ മോഡലുകളുടെയും ആധിപത്യത്തെ വെല്ലുവിളിച്ചതിനു പിന്നാലെയാണ് ആള്‍ട്ട്മാന്റെ വരവ്.