
വാഷിംഗ്ടൺ: വിവിധരാജ്യങ്ങള്‍ക്ക് പകരച്ചുങ്കം ചുമത്തിയതിന് പിന്നാലെ പ്രതികരിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ശസ്ത്രക്രിയ കഴിഞ്ഞെന്നും രോഗി സുഖംപ്രാപിച്ചുവരികയാണെന്നും ഇനി മുന്‍പത്തെക്കാള്‍ കൂടുതല്‍ ശക്തനാകുമെന്നുമാണ് ട്രംപിന്‍റെ പ്രതികരണം. ‘ട്രൂത്ത് സോഷ്യലി’ലൂടെയായിരുന്നു ട്രംപിന്റെ പ്രതികരണം.
‘ശസ്ത്രക്രിയ കഴിഞ്ഞു. രോഗി ജീവിച്ചിരിക്കുന്നു, സുഖംപ്രാപിച്ചുവരുന്നു. രോഗി മുന്‍പത്തെക്കാള്‍ കൂടുതല്‍ ശക്തനാകുമെന്നും വലിയവനാകുമെന്നും മികച്ചതാകുമെന്നുമാണ് ട്രംപിന്‍റെ പ്രതീക്ഷകൾ. അമേരിക്കയെ വീണ്ടും മഹത്തരമാക്കൂ’, ട്രംപ് സാമൂഹികമാധ്യമത്തില്‍ കുറിച്ചു.
വിവിധരാജ്യങ്ങള്‍ യുഎസിനുചുമത്തുന്ന ചുങ്കവും തിരിച്ച് യുഎസ് ചുമത്തുന്ന ചുങ്കവും ഉള്‍പ്പെട്ട പട്ടിക ബുധനാഴ്ചയാണ് ട്രംപ് പുറത്തുവിട്ടത്. ഇന്ത്യയില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് 26 ശതമാനം ആണ് യുഎസ് ചുമത്തിയ പകരച്ചുങ്കം. വിയറ്റ്‌നാമില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് 45 ശതമാനം, ചൈനീസ് ഉത്പന്നങ്ങള്‍ക്ക് 34 ശതമാനം, യൂറോപ്യന്‍ യൂണിയനില്‍നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് 20 ശതമാനം, ദക്ഷിണകൊറിയ 25 ശതമാനം, ജപ്പാന്‍ 24 ശതമാനം എന്നിങ്ങനെയാണ് വിവിധ രാജ്യങ്ങള്‍ക്കുമേല്‍ യുഎസ് ചുമത്തിയ പകരച്ചുങ്കം.