തെരഞ്ഞെടുപ്പ് കാലത്തെ ആരോപണം കുരുക്കായി, കെസി വേണുഗോപാലിന്‍റെ ഹർജിയിൽ ശോഭ സുരേന്ദ്രനെതിരെ മാനനഷ്ടത്തിന് കേസെടുക്കാൻ ഉത്തരവ്

ആലപ്പുഴ: ആലപ്പുഴ എം പിയും എ ഐ സി സി ജനറൽ സെക്രട്ടറിയുമായ കെ സി വേണുഗോപാലിന്റെ ഹര്‍ജിയില്‍ ശോഭ സുരേന്ദ്രനെതിരെ മാനനഷ്ടത്തിന് കേസെടുക്കാന കോടതി ഉത്തരവ്. ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ഷാനാ ബീഗമാണ് ശോഭക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ടത്. പാർലമെന്റ് തെരഞ്ഞെടുപ്പ് സമയത്ത് നടത്തിയ ആരോപണത്തിലാണ് കോടതിയുടെ നടപടി. അഡ്വ. മാത്യു കുഴല്‍നാടന്‍, അഡ്വ. ആര്‍ സനല്‍ കുമാര്‍, അഡ്വ. കെ.ലാലി ജോസഫ് എന്നിവര്‍ മുഖേനയാണ് കെ സി വേണുഗോപാല്‍ ഹര്‍ജി ഫയല്‍ ചെയ്തത്.

പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സമയത്ത് സത്യത്തിന്റെ കണിക പോലുമില്ലാത്ത അടിസ്ഥിനാരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് തന്നെ അപകീര്‍ത്തിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ ശോഭ സുരേന്ദ്രന്‍ ഒരു മാധ്യമത്തിന് അഭിമുഖം നല്‍കിയെന്ന് ചൂണ്ടികാട്ടിയാണ് കെ സി കോടതി കയറിയത്. പൊതുസമൂഹത്തില്‍ വ്യക്തിഹത്യ നടത്താനും ആശയകുഴപ്പം സൃഷ്ടിക്കാനും ശോഭാ സുരേന്ദ്രന്‍ ബോധപൂര്‍വ്വം നടത്തിയ പച്ചനുണ പിന്‍വലിച്ച് മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് കെ സി വേണുഗോപാല്‍ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ നിശ്ചിത സമയപരിധി കഴിഞ്ഞിട്ടും മാപ്പ് പറയാന്‍ കൂട്ടാക്കിയില്ല. ഇതിനെതിരെയാണ് ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ വേണുഗോപാല്‍ ഹര്‍ജി ഫയല്‍ ചെയ്തത്. ഹര്‍ജിക്കാരനായ വേണുഗോപാല്‍ കോടതിയില്‍ നേരിട്ടെത്തി മൊഴിയും നല്‍കിയിരുന്നു.

ഒരുവിധ തെളിവിന്റെയും പിന്‍ബലമില്ലാതെ ശോഭാ സുരേന്ദ്രന്‍ തുടര്‍ച്ചയായി കെ സി വേണുഗോപാലിനെതിരെ ആരോപണം ഉന്നയിച്ചതിനെതിരായാണ് ക്രിമിനല്‍ നടപടി പ്രകാരമാണ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനില്‍ നേരത്തെ കെ സി വേണുഗോപാല്‍ ശോഭാ സുരേന്ദ്രന് എതിരായി പരാതിയും നല്‍കിയിരുന്നു.

More Stories from this section

family-dental
witywide