
വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ കടുത്ത ഉത്തരവിന് കോടതിയിൽ നിന്ന് വൻ തിരിച്ചടി. ചെലവു കുറയ്ക്കുന്നതിന്റെ ഭാഗമായി ഫെഡറല്‍ ജീവനക്കാരെ കൂട്ടത്തോടെ കൂട്ടപിരിച്ചുവിട്ട നടപടിക്കെതിരെയാണ് കോടതി വിധി വന്നിട്ടുള്ളത്. വിവിധ സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്ന് പിരിച്ചുവിട്ട ജീവനക്കാരെ ജോലിയില്‍ തിരികെ എടുക്കണമെന്ന് സാന്‍ഫ്രാന്‍സിസ്‌കോയിലെയും മേരിലാന്‍ഡിലെയും ഫെഡറല്‍ കോടതികള്‍ ഉത്തരവിട്ടു.
പതിനായിരക്കണക്കിന് പ്രൊബേഷണറി ഫെഡറല്‍ തൊഴിലാളികളെ അന്യായമായി പിരിച്ചുവിട്ട ട്രംപ് ഭരണകൂടത്തിന്‍റെ കൂട്ടവെട്ടിനിരത്തിലിനാണ് ഇതോടെ തിരിച്ചടി നേരിടേണ്ടി വന്നിരിക്കുന്നത്. സര്‍ക്കാരിനു കീഴിലുള്ള ഏജന്‍സിയായ യുഎസ് ഓഫീസ് ഓഫ് പഴ്സണല്‍ മാനേജ്മെന്റാണ് ജീവനക്കാരെ പിരിച്ചുവിട്ടത്.
യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഡിഫന്‍സ്, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് വെറ്ററന്‍സ് അഫയേഴ്‌സ്, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് അഗ്രികള്‍ച്ചര്‍, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എനര്‍ജി, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്റീരിയര്‍, ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റ് എന്നീ വകുപ്പുകളിലെ പിരിച്ചുവിട്ട പ്രൊബേഷണറി ജീവനക്കാരെയാണ് തിരിച്ചെടുക്കാന്‍ ഉത്തരവ് വന്നിട്ടുള്ളത്.