പൃഥ്വിരാജിനെ വിടാതെ ‘ഓര്‍ഗനൈസര്‍’, ‘ദേശവിരുദ്ധത, സനാതന ധര്‍മ്മത്തിനും കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കും എതിര്’-വിമര്‍ശനമേറെ

കൊച്ചി : മലയാള സിനിമയുടെ തലവരമാറ്റുന്ന വലിയ പ്രതീക്ഷകളോടെ എത്തിയ പൃഥ്വിരാജ് ചിത്രം എംപുരാനെ ആദ്യം സ്വീകരിച്ചത് ഫാന്‍സ് ആയിരുന്നുവെങ്കില്‍ പിന്നീട് സ്വീകരിച്ചത് വിവാദങ്ങളായിരുന്നു. ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങളും സംഘപരിവാര്‍ വിമര്‍ശനങ്ങളും ചിത്രത്തെ വെട്ടിലാക്കി.

ഇതിനു പിന്നാലെ ആര്‍എസ്എസ് മുഖപത്രമായ ‘ഓര്‍ഗനൈസര്‍’ എമ്പുരാനെയും സംവിധായകന്‍ പൃഥ്വിരാജിനെയും വിമര്‍ശിച്ച് ലേഖനങ്ങള്‍ നല്‍കിയതോടെ വിവാദം കടുത്തു. ഇന്നിതാ വീണ്ടും സിനിമയ്ക്കും നടനും എതിരെ വീണ്ടും കടുത്ത വിമര്‍ശനം അഴിച്ചുവിട്ടു. സനാതന ധര്‍മത്തിനും കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കുമെതിരെ പൃഥ്വിരാജ് സ്വീകരിച്ച നിലപാടുകള്‍ എടുത്തുപറഞ്ഞുള്ള ഓര്‍ഗനൈസര്‍ ലേഖനത്തില്‍ പൃഥ്വിരാജിന്റെ വിവിധ സമൂഹമാധ്യമ പോസ്റ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകളും പങ്കുവച്ചിട്ടുണ്ട്. ഇടതുപക്ഷക്കാരുടെയും ഇന്ത്യാ വിരുദ്ധരുടെയും ദുഷ്ടലക്ഷ്യങ്ങള്‍ മുന്നോട്ട് വയ്ക്കുന്ന ഒരു പ്രചാരണ സിനിമ നിര്‍മിക്കുക എന്നതായിരുന്നു പൃഥ്വിരാജിന്റെ ലക്ഷ്യമെന്നും ആരോപണം.

ആധുനികവല്‍ക്കരണത്തിനായി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പുരോഗമന നടപടികളെ എതിര്‍ക്കാന്‍ ശ്രമിച്ച ‘സേവ് ലക്ഷദ്വീപ്’ എന്ന പ്രചാരണത്തിന് പിന്നിലെ പ്രമുഖരില്‍ ഒരാളായിരുന്നു പൃഥ്വിരാജ് എന്നും ഇതില്‍നിന്നു തന്നെ അദ്ദേഹത്തിന്റെ ദേശവിരുദ്ധത വ്യക്തമാണെന്നും ലേഖനം ആരോപിക്കുന്നു. അതേസമയം, വിവാദങ്ങളില്‍ ഖേദം പ്രകടിപ്പിച്ച മോഹന്‍ലാലിന്റെ നടപടിയെ സ്വീകരിക്കുന്നുമുണ്ട്. എമ്പുരാന്‍ സിനിമയുമായി ബന്ധപ്പെട്ട് ഓര്‍ഗനൈസര്‍ പ്രസിദ്ധീകരിക്കുന്ന മൂന്നാമത്തെ ലേഖനമാണ് ഇത്.

സിഎഎ പ്രതിഷേധത്തിനും പൃഥ്വിരാജ് അനുകൂല നിലപാടെടുത്തെന്നും ജാമിയ മിലിയ വിദ്യാര്‍ഥികളെ പിന്തുണക്കുകയും ചെയ്‌തെന്നും ഓര്‍ഗനൈസര്‍ എടുത്തുകാട്ടി. കൂടാതെ, സഹോദരന്‍ ഇന്ദ്രജിത്ത് സുകുമാരനും വിമര്‍ശനമുണ്ട്. ഡല്‍ഹി പൊലീസിനെ നേരിടുന്ന ആയിഷ റെന്നയെ പിന്തുണച്ച് അദ്ദേഹത്തിന്റെ സഹോദരന്‍ ഇന്ദ്രജിത്ത് സുകുമാരനും രംഗത്തെത്തിയിരുന്നതായി ലേഖനത്തില്‍ പറയുന്നു.

വഖവ് ബോര്‍ഡിന്റെ കുടിയിറക്കല്‍ ഭീഷണി നേരിടുന്ന നൂറുകണക്കിന് ക്രിസ്ത്യന്‍ കുടുംബങ്ങളെക്കുറിച്ച് പറയുമ്പോള്‍ പൃഥിരാജിന്റെ ഇരട്ടത്താപ്പ് വ്യക്തമാണെന്നും മുമ്പം വിഷയം ചൂണ്ടിക്കാട്ടി ലേഖനം ആരോപിക്കുന്നു. സിഎഎയെക്കുറിച്ച് അദ്ദേഹം സംസാരിക്കുന്നു, പക്ഷേ ബംഗ്ലദേശിലെ ഹിന്ദു പീഡനത്തെക്കുറിച്ച് ഒന്നും മിണ്ടുന്നില്ലെന്നും ലേഖനം കുറ്റപ്പെടുത്തി.

എംപുരാനിലെ പ്രധാന വില്ലനെ ബാബ ബജ്‌റംഗി എന്ന് വിളിക്കുന്നതിന്റെ പിന്നിലെന്താണെന്ന് പൃഥ്വിരാജ് വ്യക്തമാക്കണമെന്നും ലേഖനത്തില്‍ ആവശ്യപ്പെടുന്നു.

More Stories from this section

family-dental
witywide