‘കരുത്തരായ റഷ്യയോട് ഒരാളെങ്കിലും എതിരിട്ട് നിൽക്കുന്നത് അമേരിക്കയെ ആവേശത്തിലാക്കുന്നു’, കുടിയേറ്റക്കാരിയുടെ മകൾ സഹനടി; ഓസ്കർ വേദിയിൽ ട്രംപിനെ കുത്തി ‘രാഷ്ട്രീയം’

കാലിഫോർണിയ: ട്രംപ് രണ്ടാമതും അധികാരമേറ്റ ശേഷമുള്ള ആദ്യ ഓസ്കർ വേദിയിൽ കൃത്യമായ രാഷ്ട്രീയ വിമർശനങ്ങളാണ് ഉയർന്നത്. ഓസ്കർ വേദിയുടെ അവതാരകനായ കോണൻ ഒ ബ്രയൻ തന്നെയാണ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെ ലക്ഷ്യം വച്ച് ആദ്യ രാഷ്ട്രീയ വിമർശനം തൊടുത്തത്. കരുത്തരായ റഷ്യയോട് ഒരാളെങ്കിലും എതിരിട്ട് നിൽക്കുന്നത് അമേരിക്കയെ ആവേശത്തിലാക്കുന്നു എന്നായിരുന്നു ബ്രയന്‍റെ പരിഹാസം. റഷ്യക്കെതിരായ ഉറച്ച പോരാട്ടം പ്രഖ്യാപിച്ച സെലൻസ്കിയെ ചൂണ്ടിയാണ് ബ്രയൻ അങ്ങനെ പറഞ്ഞതെന്ന് ഏവർക്കും മനസിലാകാൻ പ്രയാസമുണ്ടായില്ല. വേദിയിലുയർന്ന കയ്യടി തന്നെയായിരുന്നു അതിനുള്ള കാരണം. അനോറ സിനിമയെ ഉദ്ധരിച്ചായിരുന്നു അവതാരകന്‍റെ കുത്തെങ്കിലും കൊള്ളേണ്ടിടത്ത് അത് കൊണ്ടു എന്ന് സാരം.

കുടിയേറ്റക്കാർക്കെതിരായ നിലപാടിനെ വിമർശിക്കാനും യുക്രൈനെ പിന്തുണയ്ക്കാനും പലരും പുരസ്കാര വേദി ഉപയോഗിച്ചു. കുടിയേറ്റക്കാരായ ദമ്പതികളുടെ അഭിമാനിയായ മകളെന്ന് ഉറക്കെ പറഞ്ഞ് കണ്ണീർ പൊഴിച്ചാണ് മികച്ച സഹനടിക്കുള്ള പുരസ്കാരം സോയി സൾദാന ഏറ്റുവാങ്ങിയത്. എന്നും കുടിയേറ്റ വിരുദ്ധ നിലപാടിനൊപ്പം നിൽക്കുന്ന ട്രംപ് ഭരണകൂടത്തിനുള്ള ചുട്ട മറുപടി ആയി അത് മാറി.

ഗാസയെ ഒന്നടങ്കം ഒഴിപ്പിക്കണമെന്ന ട്രംപിന്‍റെ നിർദേശം ലോകമെങ്ങും ചർച്ചയായി നിൽക്കുമ്പോൾ തന്നെ ഇസ്രയേൽ, പലസ്തീൻ സൗഹൃദ നിമിഷത്തിനും ഓസ്കർ വേദിയായി. ഇസ്രയേൽ സൈന്യത്തിന്‍റെ കടന്നാക്രമണത്തെ പ്രതിരോധിക്കുന്ന പലസ്തീൻ ജനതയുടെ അവസ്ഥ നേരനുഭവത്തിലൂടെ വിവരിച്ച നോ അദർലാന്‍റ് മികച്ച ഡോക്യുമെന്‍ററി ആയി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ഏറെ കൈയ്യടി നേടി. പലസ്തീൻ ആക്ടിവിസ്റ്റുകളെ ഈ ഡോക്യുമെന്‍ററി ഒരുക്കാൻ സഹായിച്ചത് ഇസ്രയേലിൽ നിന്നുള്ള മാധ്യമപ്രവർത്തകരായിരുന്നു. അവാർഡ് ഏറ്റുവാങ്ങി നാല് പേരും ആഹ്വാനം ചെയ്തത് സമാധാനമെന്ന സന്ദേശമായിരുന്നു.
ദ ബ്രൂട്ടലിസ്റ്റിലെ താരം ഗായ് പിയേഴ്സ് അവാർഡ് നിശക്കെത്തിയത് പലസ്തീന് ഐക്യദാർഢ്യമറിയിച്ചുള്ള മുദ്ര ധരിച്ചായിരുന്നു. വൈറ്റ് ഹൗസിലെ ട്രംപ് – സെലൻസ്കി വാക്പോരിന്‍റെ ചൂടാറും മുമ്പാണ് ഓസ്കർ വേദിയിൽ യുക്രൈൻ എന്ന പേര് ഉയർന്നത്. എഡിറ്റിംഗ് വിഭാഗത്തിൽ അവാർഡ് സമ്മാനിക്കാൻ വന്ന നടി ഡാറിൽ ഹന പ്രഖ്യാപനത്തിലേക്ക് കടക്കും മുൻപ് പറഞ്ഞത് യുക്രൈൻ മഹത്വം എന്നായിരുന്നു.

ഒരു മാസമായി യു എസ് വിസ കിട്ടാതെ ബുദ്ധിമുട്ടിയ ഇറാനിയൻ ചലച്ചിത്രകാരൻമാരായ ഹുസൈൻ മൗലായമിയും ഷിറിൻ സൊഹാനിയും അമേരിക്കയിൽ വന്നിറങ്ങിയത് അവാർഡ് നിശ തുടങ്ങുന്നതിന് മിനിറ്റുകൾക്ക് മുമ്പായിരുന്നു. അവസാനനിമിഷം പൊതു ശൗചാലയത്തിൽ പോയി വസ്ത്രം മാറി ഓസ്കർ വേദിയിലെത്തിയവർ മടങ്ങിയത് മികച്ച അനിമേറ്റഡ് ഷോർട്ട് ചിത്രത്തിനുള്ള ഓസ്കർ നേടി കൊണ്ടായിരുന്നു. അങ്ങനെ ട്രംപിന്‍റെ കുടിയേറ്റ വിരുദ്ധ നിലപാടുകൾക്കുള്ള വിമർശന വേദി കൂടിയായി ഓസ്കർ മാറി.

Also Read

More Stories from this section

family-dental
witywide