
ന്യൂഡല്‍ഹി : പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ മേഖലയില്‍ 400 ലധികം യാത്രക്കാരുമായി സഞ്ചരിച്ചിരുന്ന ട്രെയിന്‍ ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി (ബിഎല്‍എ) യിലെ സായുധ വിമതര്‍ തടഞ്ഞ് ആക്രമിച്ച സംഭവത്തില്‍ 150 ലധികം ബന്ദികളെ മോചിപ്പിച്ചു.
സൈന്യവുമായുള്ള വെടിവയ്പ്പില്‍ കുറഞ്ഞത് 27 ബിഎല്‍എ വിമതര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. വിമതരുമായുള്ള വെടിവയ്പ്പിനുശേഷം സുരക്ഷാ സേന 155 ബന്ദികളെ രക്ഷപ്പെടുത്തി. ഡസന്‍ കണക്കിന് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ രക്ഷപ്പെടുത്തിയ യാത്രക്കാരെ അടുത്തുള്ള പട്ടണമായ മാച്ചിലേക്ക് കൊണ്ടുപോയി. അവിടെ സ്ഥാപിച്ച താല്‍ക്കാലിക ആശുപത്രിയില്‍ പരുക്കേറ്റവര്‍ക്ക് ചികിത്സ നല്‍കുന്നുണ്ട്.
അതേസമയം, ബിഎല്‍എയുടെ നിയന്ത്രണത്തിലുള്ള ജാഫര്‍ എക്‌സ്പ്രസില്‍ എത്ര ബന്ദികള്‍ ഇനിയുണ്ടെന്ന് വ്യക്തമല്ല. ബിഎല്‍എ 30 സൈനികരെ കൊലപ്പെടുത്തിയതായി അവകാശപ്പെടുന്നുണ്ടെങ്കിലും ഇത് അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല. പാക്കിസ്ഥാനില്‍നിന്ന് ബലൂചിസ്ഥാന്‍ പ്രവിശ്യ സ്വതന്ത്രമാക്കാന്‍ പോരാടുന്ന സായുധസംഘടനയാണ് ബലൂച് ലിബറേഷന്‍ ആര്‍മി (ബിഎല്‍എ).