
ന്യൂഡല്‍ഹി: വ്യാജ ജോലി വാഗ്ദാനങ്ങളുടെ ഇരകളായ 283 ഓളം ഇന്ത്യക്കാരെ മ്യാന്‍മറില്‍ നിന്നും രക്ഷപ്പെടുത്തി. തായ്ലന്‍ഡിലെ മേ സോട്ടില്‍ നിന്ന് തിങ്കളാഴ്ച ഇന്ത്യന്‍ വ്യോമസേനയുടെ (ഐഎഎഫ്) വിമാനത്തില്‍ ഇന്ത്യക്കാരെ തിരിച്ചയച്ചു. ഇതിനായി മ്യാന്‍മറിലെയും തായ്ലന്‍ഡിലെയും ഇന്ത്യന്‍ എംബസികള്‍ പ്രാദേശിക അധികാരികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുവെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇത്തരത്തിലുള്ള വ്യാജ ജോലി വാഗ്ദാനങ്ങള്‍ നല്‍കി മ്യാന്‍മര്‍ ഉള്‍പ്പെടെയുള്ള വിവിധ തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്ക് ഇന്ത്യന്‍ പൗരന്മാരെ എത്തിക്കുന്നുവെന്നും ഇവരെ മോചിപ്പിച്ച് നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് ഇന്ത്യ നിരന്തരമായ ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു. മ്യാന്‍മര്‍-തായ്ലന്‍ഡ് അതിര്‍ത്തിയിലെ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന തട്ടിപ്പ് കേന്ദ്രങ്ങളില്‍ സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാനും മറ്റ് വഞ്ചനാപരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനും ഈ പൗരന്മാരെ പ്രേരിപ്പിച്ചുവെന്നും മന്ത്രാലയം പറയുന്നു.