
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ശ്രീനഗറില്‍ പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ചൊവ്വാഴ്ചയുണ്ടായ ആക്രമണത്തെത്തുടര്‍ന്ന് കശ്മീരില്‍ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണവും സുരക്ഷാ നടപടികളും അദ്ദേഹം വിലയിരുത്തി.
മൃതദേഹങ്ങള്‍ ശ്രീനഗര്‍ വിമാനത്താവളത്തിലാണുള്ളത്. മൃതദേഹങ്ങളും പ്രിയപ്പെട്ടവരെയും മറ്റ് വിനോദ സഞ്ചാരികളെയും നാട്ടിലേക്ക് എത്തിക്കാന്‍ സഹായിക്കുന്നതിനായി നിരവധി സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികള്‍ ശ്രീനഗറില്‍ എത്തിയിട്ടുണ്ട്.
#WATCH | Union Home Minister Amit Shah pays tributes to the victims of the Pahalgam terror attack, in Srinagar, J&K pic.twitter.com/HSj2va7LsN
— ANI (@ANI) April 23, 2025
2019 ല്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷമുള്ള ഏറ്റവും വലിയ ഭീകരാക്രമണങ്ങളിലൊന്നാണിത്. പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം സര്‍ക്കാര്‍ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ദക്ഷിണ കശ്മീരില്‍ ‘മിനി സ്വിറ്റ്സര്‍ലന്‍ഡ്’ എന്നറിയപ്പെടുന്ന പഹല്‍ഗാമിലെ ബൈസരണ്‍ താഴ്വരയിലാണ് രാജ്യത്തെ നടുക്കിയ ആക്രമണമുണ്ടായത്. സൈനികവേഷത്തിലെത്തിയ ഭീകരര്‍ ഉച്ചകഴിഞ്ഞ് 3നു സഞ്ചാരികള്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു.
പുരുഷന്മാരെ തിരഞ്ഞുപിടിച്ചായിരുന്നു വെടിവയ്പ്പ്. 2019ലെ പുല്‍വാമ ആക്രമണത്തിനു ശേഷമുള്ള കശ്മീരിലെ ഏറ്റവും വലിയ ഭീകരാക്രമണമാണിത്.
‘ദ് റസിസ്റ്റന്‍സ് ഫ്രണ്ട്’ (ടിആര്‍എഫ്) എന്ന സംഘടനയുടെ മറവില്‍ പാക്ക് ഭീകരസംഘടനയായ ലഷ്‌കറെ തയിബയും ഐഎസ്ഐയും ചേര്‍ന്നാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. മാത്രമല്ല, ഐഎസ്‌ഐ പിന്തുണച്ചു, ലഷ്‌കര്‍ ആസൂത്രണം ചെയ്തു, ടിആര്‍എഫ് നടപ്പാക്കിയെന്നാണ് രഹസ്യാന്വേഷണം ഏജന്‍സികള്‍ക്ക് ലഭ്യമായ വിവരം.