
ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദ സഞ്ചാരികള്‍ക്ക് നേരെയുണ്ടായ തീവ്രവാദ ആക്രമണത്തില്‍ 20 ലേറെ പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ജമ്മു കശ്മീരിലെ പ്രാദേശിക മാധ്യമങ്ങളാണ് മരണം 28 ആയതായി റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഔദ്യോഗികമായി ഒരു മരണം മാത്രമാണ് ഇതുവരെ സ്ഥിരീകരിച്ചത്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കും. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
പഹല്‍ഗാമിലെ ബൈസാരന്‍ താഴ്‌വരയിലാണ് വെടിവെപ്പുണ്ടായത്. നടന്നോ കുതിരപ്പുറത്തോ മാത്രം എത്താന്‍ സാധിക്കുന്ന പ്രദേശമാണ് ബൈസാരന്‍ താഴ്‌വര. വേഷം മാറിയാണ് തീവ്രവാദികള്‍ എത്തിയതെന്നും കൃത്യമായി ലക്ഷ്യം വെച്ചുകൊണ്ടുള്ള ആക്രമാണ് എന്നുമാണ് കരുതപ്പെടുന്നത്. 2019ന് ശേഷമുള്ള ഏറ്റവും വലിയ ഭീകരാക്രമണമാണിതെന്നാണ് കരുതപ്പെടുന്നത്.
ആക്രമണം നടത്തിയവരില്‍ മൂന്നുപേരുണ്ടായിരുന്നെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30 ഓടുകൂടിയാണ് ആക്രമണം നടന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ദ റെസിസ്റ്റന്‍സ് ഫ്രണ്ട് എന്ന തീവ്രവാദ സംഘടന ഏറ്റെടുത്തിട്ടുണ്ട്. പാക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലഷ്‌കര്‍ ഇ തൊയ്ബ ബന്ധമുള്ള സംഘടനയാണ് ഇത്.