
ശ്രീനഗര്‍: രാജ്യത്തെ നടുക്കിയ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ അന്വേഷണം ഔദ്യോഗികമായി ഏറ്റെടുത്ത ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ദൃക്‌സാക്ഷികളുടെ മൊഴിയെടുപ്പ് ഉള്‍പ്പെടെയുള്ള നടപടികള്‍ ആരംഭിച്ചു.
ഭീകരാക്രമണത്തില്‍ നിന്നു രക്ഷപ്പെട്ടവരുടെ മൊഴിയെടുക്കാന്‍ വിവിധ സംസ്ഥാനങ്ങളിലും സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. ആക്രമണത്തിന് തദ്ദേശീയരായ 15 പേര്‍ സഹായിച്ചിട്ടുണ്ടെന്നാണ് സുരക്ഷാ ഏജന്‍സികള്‍ കരുതുന്നത്.
അതേസമയം, നിയന്ത്രണരേഖയില്‍ ഇന്ത്യപാക്ക് വെടിവയ്പ് തുടരുന്നതിനിടെ ഡല്‍ഹിയില്‍ ഉന്നതതല ചര്‍ച്ചകള്‍ നടക്കുകയാണ്. ഇന്നലെ വൈകിട്ട് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് സംയുക്ത സേനാ മേധാവി (സിഡിഎസ്) അനില്‍ ചൗഹാനുമായി ചര്‍ച്ച നടത്തി. ബിഎസ്എഫ് മേധാവി ദല്‍ജീത്ത് സിങ് ചൗധരി ആഭ്യന്തരമന്ത്രാലയത്തിലെത്തി സെക്രട്ടറി ഗോവിന്ദ് മോഹനെയും കണ്ടിരുന്നു.