
ന്യൂഡല്‍ഹി: പഹല്‍ഗാമില്‍ ഭീകരര്‍ ഹിന്ദു വിനോദസഞ്ചാരികളെ തിരഞ്ഞുപിടിച്ച് വെടിവച്ച് കൊല്ലുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ആക്രമണത്തിന് സാക്ഷികളായ മഹാരാഷ്ട്രയിലെ പൂണെയില്‍ നിന്നുള്ള അഞ്ചംഗ കുടുംബത്തിലെ അംഗങ്ങള്‍ പരഞ്ഞതായി ചൂണ്ടിക്കാട്ടി ഇന്ത്യാ ടുഡേയാണ് ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്തത്. കശ്മീരി പരമ്പരാഗത വസ്ത്രത്തില്‍ കുടുംബം ഫോട്ടോ എടുക്കുന്നതിനിടയിലായിരുന്നു ആക്രമണം.
മനോഹരമായ പശ്ചാത്തലത്തില്‍ ഫോട്ടോകള്‍ക്കായി ആളുകള്‍ ഒത്തുകൂടിയ വേളയിലാണ് ഭീകരര്‍ ചാടിവീണത്. ചില ഭീകരര്‍ അവിടെയുണ്ടായിരുന്നവരെ പിടിച്ച് ആസാന്‍ ചൊല്ലാന്‍ നിര്‍ബന്ധിച്ചു. ചൊല്ലാത്തവരെ മാറ്റിനിറുത്തി വെടിയുതിര്‍ത്തു. എന്റെ അച്ഛനെയും അമ്മാവനെയും വെടിവച്ചു. അക്രമികളായ ഹിന്ദുക്കള്‍ കാരണം തങ്ങളുടെ മതം ‘അപകടത്തിലാണെന്ന്’ അവകാശപ്പെട്ടുകൊണ്ടാണ് ഭീകരര്‍ വെടിയുതിര്‍ത്തതെന്നും റിപ്പോര്‍ട്ടിലുണ്ട്.
മാത്രമല്ല, ‘ഭീകരര്‍ പുരുഷന്മാരെ മാത്രമാണ് ആക്രമിച്ചതെന്നും പ്രാദേശിക പൊലീസിന്റെ യൂണിഫോം ഭീകരരില്‍ ചിലര്‍ ധരിച്ചിരുന്നുവെന്നും ഇരകള്‍ പറയുന്നു. സൈനിക ഉദ്യോഗസ്ഥര്‍ ധരിക്കുന്നതുപോലെയുള്ള മാസ്‌കുകളും ഇവര്‍ക്കുണ്ടായിരുന്നു.
കര്‍ണാടകത്തിലെ ശിവമോഗ സ്വദേശി മഞ്ജുനാഥ് എന്നയാളെ ഭാര്യയുടെ മുന്നിലിട്ട് ഭീകരര്‍ വെടിവച്ചു കൊന്നിരുന്നു. ഇളയ മകനോടും ഒപ്പം താഴ്വരയില്‍ അവധിക്കാലം ആഘോഷിക്കാന്‍ എത്തിയതായിരുന്നു ഇവര്‍. ഭീകരര്‍ ബോധപൂര്‍വം ഹിന്ദുക്കളെ ലക്ഷ്യം വച്ചതായി മഞ്ജുനാഥിന്റെ ഭാര്യ പല്ലവിയും ആരോപിക്കുന്നുണ്ട്. എന്നെയും കൊല്ലൂ, എന്ന് അവര്‍ ഭീകരരോട് പറഞ്ഞുവെന്നും അവരില്‍ ഒരാള്‍ ‘ഞാന്‍ നിന്നെ കൊല്ലില്ല. ഇത് മോദിജിയോട് പോയി പറയൂ,’ എന്ന് പറഞ്ഞതായും പല്ലവി പറഞ്ഞു.