
ഇസ്‌ലാമാബാദ്: സിന്ധു നദിയിൽ വൻ സ്വർണ ശേഖരം കണ്ടെത്തി പാകിസ്ഥാൻ. 80,000 കോടിയുടെ സ്വർണ നിക്ഷേപമാണ് കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ടുകൾ. പഞ്ചാബ് പ്രവിശ്യയിലെ അറ്റോക്ക് ജില്ലയിൽ സർക്കാർ നടത്തിയ സർവേയിലാണ് വമ്പൻ സ്വർണ നിക്ഷേപം കണ്ടെത്താൻ സാധിച്ചത്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിയുന്ന പാകിസ്ഥാന് വലിയ ആശ്വാസം പകരുന്നതാണ് ഈ വാര്‍ത്ത.
വിഭജനകാലത്ത് പാകിസ്ഥാനിലായ സിന്ധു നദിയുടെ ഭാഗത്താണ് വമ്പൻ സ്വർണ നിക്ഷേപം കണ്ടെത്തിയിരിക്കുന്നത്. നദിയുടെ ഒഴുക്കിനെ തുടർന്ന് സ്വർണത്തരികൾ ഒന്നുകിൽ പരന്ന് ഘനീഭവിച്ച നിലയിലോ അല്ലെങ്കിൽ വൃത്താകൃതിയിലോ കാണപ്പെടാമെന്നാണ് ജിയോളജിസ്റ്റുകൾ വിലയിരുത്തുന്നത്. ധാതുസമ്പന്നമായ സിന്ധു നദിയിൽ വൻതോതിൽ സ്വർണവും മറ്റു വിലയേറിയ ലോഹങ്ങളും ഉണ്ടെന്നും സര്‍വെയില്‍ വ്യക്തമായിട്ടുണ്ട്.
സ്വർണ നിക്ഷേപം സ്ഥിരീകരിച്ചതോടെ അനുമതിയില്ലാതെ ഖനനം നടത്തുന്നതിന് പഞ്ചാബ് സർക്കാർ നിരോധനമേർപ്പെടുത്തി. വിലക്കയറ്റവും കറൻസിയുടെ ക്ഷയിക്കലും കാരണം വലയുന്ന പാകിസ്ഥാന് വലിയ ആശ്വാസം പകരുന്നതാണ് പുതിയ കണ്ടെത്തൽ. കൃത്യമായി സ്വർണം ഖനനം ചെയ്‌തെടുക്കാനായാൽ പാകിസ്ഥാന്‍റെ സാമ്പത്തിക മേഖലയ്ക്ക് തന്നെ വലിയ ഊര്‍ജം ലഭിക്കും.