
ഇസ്ലാമാബാദ്: ഭീകരവാദം ആസൂത്രണം ചെയ്യുന്നതും പിന്തുണയ്ക്കുന്നതും ഇന്ത്യയാണെന്ന് കുറ്റപ്പെടുത്തലുമായി പാകിസ്ഥാൻ. ഇന്ത്യ പാകിസ്ഥാനിൽ ഒരു ഭീകര ശൃംഖല നടത്തുകയാണെന്നും സാധാരണക്കാരെയും സൈന്യത്തെയും ലക്ഷ്യമിടാൻ ഭീകരർക്ക് സ്ഫോടക വസ്തുക്കളും ഉപകരണങ്ങളും നൽകുകയാണെന്നും ഇന്‍റര്‍-സർവീസസ് പബ്ലിക് റിലേഷൻസ് (ഐഎസ്പിആർ) ഡയറക്ടർ ജനറൽ ലഫ്റ്റനന്റ് ജനറൽ അഹമ്മദ് ഷരീഫ് ചൗധരി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഏപ്രിൽ 25ന് ജേലത്തിൽ നിന്ന് ഇന്ത്യൻ പരിശീലനം ലഭിച്ച ഒരു ഭീകരനെ അറസ്റ്റ് ചെയ്തതുവെന്നും അഹമ്മദ് ഷരീഫ് അവകാശപ്പെട്ടു. പണം, ഫോണുകൾ, ഒരു ഇന്ത്യൻ ഡ്രോൺ എന്നിവ കണ്ടെടുത്തുവെന്നുമാണ് അവകാശവാദം. ഇന്ത്യൻ സൈന്യത്തിലെ ഒരു ഉദ്യോഗസ്ഥനാണ് ഇയാളെ നിയന്ത്രിച്ചിരുന്നത്. ഇന്ത്യയുടെ ഭരണകൂടം സ്പോൺസർ ചെയ്യുന്ന ഭീകരവാദത്തിന്‍റെ വ്യക്തമായ തെളിവാണ് ഇതെന്നുമാണ് അഹമ്മദ് ഷരീഫിന്‍റെ ആരോപണം.