
ന്യൂഡല്‍ഹി : ഇന്ത്യയെ കണ്ണീരണിയിച്ച് 28 പേരുടെ മരണത്തിന് ഇടയാക്കിയ പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ആദ്യ പ്രതികരണവുമായി പാകിസ്ഥാന്‍. പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫാണ് പ്രതികരണവുമായി രംഗത്തെത്തിയത്. ഭീകരാക്രമണവുമായി പാകിസ്ഥാന് ബന്ധമില്ലെന്നും എല്ലാത്തരം ഭീകരവാദത്തെയും പാകിസ്ഥാന്‍ എതിര്‍ക്കുന്നുവെന്നും ഖ്വാജ പറയുന്നു.
ഭരണകക്ഷിയായ പിഎംഎൽ-എൻ പാർട്ടിയുടെ മുതിർന്ന നേതാവും പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ അടുത്ത സഹായിയുമായ ആസിഫ്, ഇന്ത്യയുടെ ഉള്ളില്‍ വളരുന്ന, ഇന്ത്യക്കെതിരായ കലാപങ്ങളുടെ ഭാഗമാണ് ആക്രമണമെന്നു കുറ്റപ്പെടുത്തി. ‘അനന്ത്‌നാഗ് ജില്ലയിലുണ്ടായ ആക്രമണത്തില്‍ വിനോദസഞ്ചാരികളുടെ ജീവന്‍ നഷ്ടപ്പെട്ടതില്‍ ഞങ്ങള്‍ ആശങ്കാകുലരാണ്. മരിച്ചവരുടെ അടുത്ത ബന്ധുക്കളെ ഞങ്ങള്‍ അനുശോചനം അറിയിക്കുകയും പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്യുന്നു,’ വെന്ന് പാക് വിദേശകാര്യ വക്താവും വ്യക്തമാക്കി.
പഹല്‍ഗാമിനടുത്തുള്ള ബൈസരന്‍ പുല്‍മേട്ടില്‍ ഭീകരര്‍ നടത്തിയ വെടിവെപ്പില്‍ വിനോദസഞ്ചാരികളായ 28 പേരാണ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി അറേബ്യയിലേക്കുള്ള ഉന്നത സന്ദര്‍ശനം വെട്ടിച്ചുരുക്കി മടങ്ങിയെത്തുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു.