
യുദ്ധം തകർത്ത ഗാസ നഗരത്തിൽ നിന്ന് പലസ്തീൻകാർ എന്നെന്നേക്കുമായി ഒഴിഞ്ഞുപോകണമെന്നും ഗാസ ഏറ്റെടുത്ത് പുനർനിർമിക്കാൻ യുഎസ് തയാറാണെന്നും യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഗാസയിലെ പലസ്തീനികാർക്ക് സ്ഥിരമായ ഒരു ഭാവിയുണ്ടെന്ന് താൻ കരുതുന്നില്ലെന്നും യുദ്ധം തകർത്ത ഗാസ വാസയോഗ്യമല്ലെന്നും ആ ദേശക്കാർ എന്നെന്നേക്കുമായി പോകുകയല്ലാതെ മറ്റ് മാർഗമില്ലെന്നും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. ട്രംപിൻ്റെ ആശയം വളരെ മികച്ചതാണെന്നും ചരിത്രപരമാണെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബന്യാമിൻ നെതന്യാഹുവും പറഞ്ഞു.
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനു ആതിഥേയത്വം വഹിച്ചുകൊണ്ട് ഇരുവരും ചേർന്ന് നടത്തിയ പത്ര സമ്മേളനത്തിലാണ് ട്രംപ് ഇതു വ്യക്തമാക്കിയത്.
ഗാസ നിവാസികൾ മാതൃരാജ്യം ഉപേക്ഷിച്ച്, മധ്യപൂർവദേശത്തെ ഒന്നോ അതിലധികമോ രാജ്യങ്ങൾ നൽകുന്ന പുതിയ സ്ഥലത്തേക്ക് മാറി താമസിക്കാൻ ട്രംപ് നിർദേശിച്ചു. അമേരിക്ക ഗാസ മുനമ്പ് ഏറ്റെടുക്കാൻ തയാറാണ്, എന്നിട്ട് അത് വൃത്തിയാക്കി പുനർനിർമിക്കും. അവിടെ പൊട്ടാതെ കിടക്കുന്ന ബോംബുകളും കെട്ടിട അവശിഷ്ടങ്ങളും നീക്കം ചെയ്യും. അതിന്റെ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കും. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കും.
ഇങ്ങനെയല്ല സംഭവിക്കുന്നതെങ്കിൽ കാര്യങ്ങൾ പഴയപടി ആവർത്തിക്കപ്പെടുമെന്നും ട്രംപ് പറഞ്ഞു. പലസ്തീനികൾ ഒരിക്കലും ഗാസയിലേക്ക് മടങ്ങുന്ന ഒരു ലോകത്തെ കുറിച്ച് താൻ ചിന്തിക്കുന്നില്ലെന്നും ട്രംപ് വ്യക്തമാക്കി.
പലസ്തീനികൾ ഗാസയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നതിന്റെ ഏക കാരണം അവർക്ക് മറ്റ് മാർഗമില്ലാത്തതിനാലാണ് എന്ന് തെളിവില്ലാതെ ട്രംപ് വാദിക്കുന്നു. അദ്ദേഹം അതിനെ ഒരു തകർച്ചാ കേന്ദ്രമായും നിർഭാഗ്യകരമായ സ്ഥലമായുമാണ് വിശേഷിപ്പിക്കുന്നത്.
ഗാസ നിവാസികൾ മുനമ്പ് സ്ഥിരമായി വിടണമെന്ന ട്രംപിന്റെ നിർദ്ദേശം ഇസ്രായേലിലെ ഏറ്റവും യാഥാസ്ഥിതിക വലതുപക്ഷത്തിന്റെ നിലപാടാണ്. നെതന്യാഹുപോലും ഇത്തരം നിലപാട് പരസ്യമായി പുറത്തുപറഞ്ഞിട്ടില്ല.
വിജയിയായി ഇസ്രയേൽ യുദ്ധം അവസാനിപ്പിക്കുമെന്ന് ട്രംപിനു പിന്നാലെ സംസാരിച്ച നെതന്യാഹു പറഞ്ഞു. യുദ്ധ വിജയത്തിൽ യുഎസിൻ്റെ പങ്ക് വലുതാണ്. സമാധാനം പുനസ്ഥാപിക്കും . മികവുറ്റ ഒരു പശ്ചിമേഷ്യയെ കെട്ടിപ്പടുക്കും – നെതന്യാഹു പറഞ്ഞു. ബന്ദി മോചനത്തിന് വഴിയൊരുക്കിയതിനും ബൈഡൻ തടഞ്ഞുവച്ച ആയുധങ്ങൾ ഇസ്രയേലിനു വിട്ടു നൽകിയതിനും നെതന്യാഹു ട്രംപിനു നന്ദി പറയുകയും പ്രശംസിക്കുകയും ചെയ്തു. പലസ്തീനു സഹായം നൽകുന്ന യുഎൻ ഏജൻസിക്കുള്ള സഹായം അമേരിക്ക നിർത്തിയതിലും ഇസ്രയേൽ പ്രധാനമന്ത്രി സന്തുഷ്ടി പ്രകടിപ്പിച്ചു.
ചില ജൂത കുടിയേറ്റക്കാർക്കെതിരെ ഏർപ്പെടുത്തിയ “അന്യായമായ ഉപരോധങ്ങൾ” ട്രംപ് അവസാനിപ്പിച്ചതായി അദ്ദേഹം പറഞ്ഞു. വെടിനിർത്തൽ കരാർ ഉണ്ടാക്കാൻ ട്രംപിൻ്റെ ഇടപെടൽ സഹായകരമായെന്നും അദ്ദേഹം വ്യക്തമാക്കി.
Palestinians must leave Gaza forever: Trump, Netanyahu thanks US