ശ്ശെടാ! സംശയം വേണ്ട, കേരളത്തിൽ തന്നെ: വെള്ളമില്ലാത്ത കിണറ്റിൽ ‘നിധി’ തേടി പഞ്ചായത്ത് വൈസ് പ്രസിഡന്റും കൂട്ടാളികളും കുഴികുത്തി, ശബ്ദം കേട്ട് നാട്ടുകാർ കൂടി, പിടിവീണു

കാസർകോട്: നിധി തേടി കുമ്പള ആരിക്കാടി കോട്ടയിൽ കുഴിയെടുത്ത പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഉൾപ്പെടെ അഞ്ച് പേർ പൊലീസ് പിടിയിൽ. പുരാവസ്‌തു വകുപ്പിന് കീഴിലുള്ള കാസർകോട് കുമ്പളയിലെ ആരിക്കാടി കോട്ടയിൽ നിധിക്കായി കുഴിയെടുത്ത മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മുജീബ് കമ്പാറും 4 സുഹൃത്തുക്കളുമാണ് കുമ്പള പൊലീസിൻ്റെ പിടിയിലായത്.

വെള്ളമില്ലാത്ത കിണറ്റിൽ കുഴി എടുക്കുന്ന ശബ്‌ദം കേട്ട് നാട്ടുകാർ ഓടിക്കൂടുകയായിരുന്നു. കണ്ണൂരിലേതിന് സമാനമായി നിധിയുണ്ടാകുമെന്ന് വിശ്വസിപ്പിച്ച് മുജീബാണ് ആളുകളെ ഇവിടെ എത്തിച്ചതെന്ന് പൊലീസ് പറയുന്നു. പുരാവസ്‌തു വകുപ്പിൻ്റെ അധീനതയിലുള്ളതാണ് കുമ്പള ആരിക്കാടി കോട്ട.

ഇന്ന് വൈകീട്ട് നാല് മണിയോടെയാണ് സംഭവം. കോട്ടയ്ക്കകത്തു നിന്നും ശബ്‌ദം കേട്ട് സമീപവാസികൾ അന്വേഷിച്ചെത്തിയപ്പോഴാണ് നിധി കുഴിക്കുന്നവരെ കണ്ടത്. ആളുകളെ കണ്ടയുടൻ പുറത്തുണ്ടായിരുന്ന രണ്ടുപേർ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. പിന്നീട് പിടികൂടി. കിണറിനകത്തുണ്ടായിരുന്നവർക്ക് രക്ഷപ്പെടാൻ സാധിച്ചില്ല.

നാട്ടുകാർ ഇവരെ തടഞ്ഞുവെച്ച് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. കുമ്പള പൊലീസ് സ്ഥലത്തെത്തി ഇവരെ പിടികൂടി. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് കുമ്പള പൊലീസ് പറഞ്ഞു. നിധി കുഴിക്കാൻ ഉപയോഗിച്ച മൺവെട്ടിയും മറ്റുപകരണങ്ങളും സ്ഥലത്തു നിന്ന് കണ്ടെത്തി.

More Stories from this section

family-dental
witywide