
ന്യൂഡല്‍ഹി: 2025-ലെ പരീക്ഷ പേ ചര്‍ച്ചയ്ക്കിടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആ വിദ്യാര്‍ത്ഥിനിയെ ശ്രദ്ധിച്ചത്. തന്റെ ആകാംക്ഷ ഒട്ടും മറച്ചുവയ്ക്കാതെ മോദി ആ പെണ്‍കുട്ടിയോട് ചോദിച്ചു, ‘ഹിന്ദി എങ്ങനെ ഇത്ര നന്നായി സംസാരിക്കുന്നു?’. കേരളത്തില്‍ നിന്നുള്ള ഒരു വിദ്യാര്‍ത്ഥിനിയുടെ ഹിന്ദിയിലെ സംസാരം കേട്ടാണ് സാക്ഷാല്‍ പ്രധാനമന്ത്രി ഞെട്ടിയത്.
‘എനിക്ക് ഹിന്ദി വളരെ ഇഷ്ടമാണ്’ എന്നായിരുന്നു മലയാളി വിദ്യാര്‍ത്ഥിനിയായ അകാന്‍ഷയുടെ മറുപടി. പ്രധാനമന്ത്രിയെ അഭിവാദ്യം ചെയ്യുന്നതിനിടെ ശുദ്ധമായ ഹിന്ദി സംസാരിച്ചാണ് അകാന്‍ഷ കയ്യടിനേടിയത്. ഭാഷ ഇത്ര നന്നായി പഠിക്കാന്‍ എങ്ങനെ കഴിഞ്ഞുവെന്ന് പ്രധാനമന്ത്രി ചോദിച്ചപ്പോള്‍, ഭാഷമാത്രമല്ല, ഹിന്ദിയില്‍ കവിതയും എഴുതിയിട്ടുണ്ടെന്ന് അകാന്‍ഷ മറുപടി നല്‍കി. തുടര്‍ന്ന് തന്റെ കവിതയിലെ വരികളും പെണ്‍കുട്ടി പ്രധാനമന്ത്രിയോട് പങ്കുവെച്ചു.
പ്രധാനമായും ഉത്തരേന്ത്യയിലാണ് ഹിന്ദി ഭാഷ സംസാരിക്കുന്നത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍, പ്രത്യേകിച്ച് തമിഴ്നാട്ടിലും കേരളത്തിലും ഹിന്ദി സംസാരിക്കുന്നത് അത്ര പ്രധാനമല്ല, മാത്രമല്ല ഹിന്ദിയുടെ പേരില്‍ തമിഴ്‌നാട്ടില്‍ വലിയ രാഷ്ട്രീയ പോരും നടക്കുന്നുണ്ട്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതായി പ്രാദേശിക നേതാക്കള്‍ പലപ്പോഴും ആരോപിച്ചിരുന്നു. ഈ സംഭവ വികാസങ്ങള്‍ക്കൊക്കെ ഇടയിലാണ് കേരളത്തില്‍ നിന്നുള്ള പെണ്‍കുട്ടിയുടെ ഹിന്ദിയെ പ്രധാനമന്ത്രി പ്രശംസിക്കുന്നത്.
പരീക്ഷാ സമ്മര്‍ദ്ദം മറികടക്കാനും അവരുടെ തയ്യാറെടുപ്പുകള്‍ നന്നായി ആസൂത്രണം ചെയ്യാനും വിദ്യാര്‍ത്ഥികളുമായി സംവദിക്കാന്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ആരംഭിച്ച പരീക്ഷാ പേ ചര്‍ച്ചയുടെ എട്ടാം പതിപ്പാണ് ഇന്ന് നടന്നത്.
ഇത്തവണ, ടൗണ്‍ ഹാള്‍ ചര്‍ച്ചാ രീതിയില്‍ നിന്ന് മാറി, പ്രധാനമന്ത്രി 36 വിദ്യാര്‍ത്ഥികളെ ഡല്‍ഹിയിലെ മനോഹരമായ സുന്ദര്‍ നഴ്സറിയിലേക്ക് കൊണ്ടുപോയി. പരീക്ഷാ സമ്മര്‍ദ്ദം കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചുള്ള അവരുടെ നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കി. പരീക്ഷയുമായി ബന്ധപ്പെട്ട വെല്ലുവിളികള്‍, മാനസികാരോഗ്യം, ഉന്നത വിദ്യാഭ്യാസ കോഴ്‌സുകളുടെ തെരഞ്ഞെടുപ്പുകള്‍, സാങ്കേതികവിദ്യയുടെ ഫലപ്രദമായ ഉപയോഗം എന്നിവയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പരിപാടിയില്‍ നടന്നു.