
പാരിസ്: ഫ്രാൻസ് തലസ്ഥാനമായ പാരിസിലുള്ള ഗാരെ ഡു നോർഡ് റെയിൽവേ സ്റ്റേഷനിലെ ട്രാക്കുകൾക്ക് സമീപം രണ്ടാം ലോകയുദ്ധ കാലത്തെ പൊട്ടാത്ത ബോംബ് കണ്ടെത്തി. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. വിവിധ യൂറോപ്യൻ നഗരങ്ങളുമായി പാരിസിനെ ബന്ധിപ്പിക്കുന്ന ട്രെയിൻ സർവിസുകൾ ഇതോടെ തടസപ്പെട്ടതായി ഫ്രഞ്ച് ദേശീയ റെയിൽവേ കമ്പനിയായ എസ്.എൻ.സി.എഫ് അറിയിച്ചു.
സെയ്ൻ-സെന്റ്-ഡെനിസ് മേഖലയിലെ ട്രാക്കുകൾക്ക് സമീപം മണ്ണുമാന്തി ഉപയോഗിച്ച് ജോലി ചെയ്തിരുന്ന തൊഴിലാളികളാണ് പുലർച്ചെ നാലോടെ ബോംബ് കണ്ടത്. ബോംബ് സുരക്ഷിതമായി നീക്കംചെയ്ത ശേഷം ട്രെയിൻ ഗതാഗതം പുനരാരംഭിച്ചതായി ഫ്രഞ്ച് ഗതാഗത മന്ത്രി ഫിലിപ് തബരോട് പറഞ്ഞു. 300 ഓളം പൊലീസുകാരുടെ സഹായത്തോടെയാണ് ബോംബ് സുരക്ഷിതമായി മാറ്റിയതെന്നും അദ്ദേഹം അറിയിച്ചു.