ഡൽഹി: തെരഞ്ഞെടുപ്പ് സഖ്യത്തിനു വേണ്ടി മാത്രം പാർട്ടിയുടെ സ്വതന്ത്ര സ്വത്വം ബലികഴിക്കാൻ പാടില്ലെന്ന് ചൂണ്ടികാട്ടിക്കൊണ്ട് പാർട്ടി കോൺഗ്രസിനുള്ള സി പി എം കരട് രാഷ്ട്രീയ പ്രമേയം പുറത്തിറക്കി. കോൺഗ്രസിന്‍റെ ആശയങ്ങളോട് യോജിപ്പില്ലെങ്കിലും ബി ജെ പിക്കെതിരായ വിശാലസ ഖ്യത്തിനു വേണ്ടി സഹകരണം ആകാമെന്നും പ്രമേയം നിർദ്ദേശിക്കുന്നു. എന്നാൽ സഖ്യമുണ്ടാകില്ല. ഇന്ത്യ സഖ്യം എന്ന നിലയിൽ ഒന്നിച്ച് പോകുന്നതിനെ കരട് രാഷ്ട്രീയ പ്രമേയം അനുകൂലിക്കുന്നുണ്ട്.
കേരളത്തിൽ ബി ജെ പിയെ നേരിടുന്നതിൽ പാർട്ടിക്ക് ബലഹീനതയുണ്ടായെന്നും എസ് ഡി പി ഐ ജമാഅത്തെ ഇസ്ലാമി എന്നിവയെ എതിർക്കണമെന്നും പ്രമേയം നിർദ്ദേശിക്കുന്നു. പാർട്ടി കമ്മിറ്റികളിൽ 75 വയസ് എന്ന പ്രായപരിധിയിൽ കേരള മുഖ്യമന്ത്രി പിണറായി വിജയനടക്കം ആർക്കെങ്കിലും ഇളവ് നൽകണോ എന്ന് പാർട്ടി കോൺഗ്രസ് തീരുമാനിക്കുമെന്നാണ് കരട് രാഷ്ട്രീയ പ്രമേയം പുറത്തിറക്കിക്കൊണ്ട് സി പി എം കോർഡിനേറ്റർ പ്രകാശ് കാരാട്ട് വ്യക്തമാക്കിയത്.