
ഡൽഹി: കാൽനൂറ്റാണ്ടിന് ശേഷം ഡൽഹിയിൽ ബിജെപി വീണ്ടും അധികാരത്തിൽ എത്തിയതോടെ ആരായിരിക്കും രാജ്യതലസ്ഥാനത്തെ മുഖ്യമന്ത്രി എന്നതാണ് ഇനി അറിയാനുള്ളത്. തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപി മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെയും ഉയർത്തിക്കാട്ടിയിരുന്നില്ല. വിവിധ സംസ്ഥാനങ്ങളിലെ പോലെ ഡൽഹിയിലും ഒരു സർപ്രൈസ് നീക്കത്തിനാകും ബി ജെ പി ശ്രമിക്കുകയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അഞ്ച് പേരുകളെ ചുറ്റിപ്പറ്റിയാണ് പ്രധാനമായും ചർച്ചകൾ കൊഴുക്കുന്നത്. അരവിന്ദ് കെജ്രിവാളിനെ കടപുഴകിയെറിഞ്ഞ ഡൽഹി തിരഞ്ഞെടുപ്പിലെ സാക്ഷാൽ ജയന്റ് കില്ലറായ പര്‍വേശ് വര്‍മ മുതല്‍ സ്മൃതി ഇറാനി വരെ പരിഗണനയിലുണ്ടെന്നാണ് വ്യക്തമാകുന്നത്.
ഡല്‍ഹി മുന്‍ മുഖ്യമന്ത്രി സാഹിബ് സിങ് വര്‍മയുടെ മകനാണ് പര്‍വേശ് വര്‍മ. ന്യൂഡല്‍ഹി മണ്ഡലത്തില്‍ കെജ്രിവാളിനെ മലര്‍ത്തിയടിച്ചതോടെ മുഖ്യമന്ത്രി പദത്തിലേക്കുള്ള അദ്ദേഹത്തിന്റെ സാധ്യത വര്‍ധിച്ചിട്ടുണ്ട്. കേന്ദ്ര നേതൃത്വത്തിന്റെ വിശ്വസ്തനുമാണ് പര്‍വേശ് വര്‍മ. തീവ്ര നിലപാടുകൾ സ്വീകരിക്കുന്ന നേതാവ് കൂടിയാണ് അദ്ദേഹം. ഡല്‍ഹി ബിജെപിയിലെ പ്രമുഖനായ വിജേന്ദര്‍ ഗുപ്തയുടെ പേരും സജീവ പരിഗണനയിലുണ്ട്. ഡൽഹി മുന്‍ മുഖ്യമന്ത്രി സുഷമ സ്വരാജിന്റെ മകള്‍ ബാന്‍സുരി സ്വരാജും മുൻ കേന്ദ്രമന്ത്രി മീനാക്ഷി ലേഖിയും പരിഗണിക്കപ്പെടുന്നവരുടെ പട്ടികയിലുണ്ടെന്നാണ് വിവരം.
അമേഠിയില്‍ നിന്ന് തോറ്റതോടെ രാഷ്ട്രീയ രംഗത്ത് സജീവമല്ലാത്ത സ്മൃതി ഇറാനിയെ മുഖ്യമന്ത്രിയാക്കാനുള്ള സാധ്യതയും തള്ളാനാകില്ല. മോദി-അമിത് ഷാ ടീമിന്റെ സര്‍പ്രൈസ് സ്മൃതി ഇറാനിയാകുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകരും ഉറ്റുനോക്കുന്നത്. ഡല്‍ഹി തിരഞ്ഞെടുപ്പിന് ഒരുങ്ങിയ നാള്‍ മുതല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പോലും പറഞ്ഞുകേട്ട പേരായിരുന്നു സ്മൃതിയുടേതെന്നും പലരും ചൂണ്ടികാട്ടുന്നുണ്ട്.