
യേശുക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റെ സ്മരണയിൽ ക്രൈസ്തവർ ഇന്ന് പെസഹാ ആചരിക്കുന്നു. പള്ളികളിൽ പ്രത്യേക പ്രാർത്ഥനകളും ശുശ്രൂഷയും കാൽ കഴുകലും നടക്കുകയാണ്. തിരുവത്താഴ ബലി, കാൽകഴുകൽ ശുശ്രൂഷ, ദിവ്യകാരുണ്യ പ്രദക്ഷിണം, ദിവ്യകാരുണ്യ ആരാധന എന്നിവ വിവിധ പള്ളികളിൽ ആചരിക്കുന്നു.
ക്രിസ്തു തന്റെ പീഡാനുഭവത്തിനും കുരിശു മരണത്തിന് മുമ്പ് 12 ശിഷ്യന്മാര്‍ക്കുമൊപ്പം അന്ത്യ അത്താഴം ഭക്ഷിച്ചതിൻ്റെ ഓര്‍മ്മയിലാണ് പെസഹ ആചരിക്കുന്നത്. കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളില്‍ രാവിലെ മുതല്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ ആരംഭിച്ചു. എളിമയ്ക്ക് മാതൃകകാട്ടി അന്ത്യ അത്താഴത്തിന് മുമ്പ് യേശു ശിഷ്യന്മാരുടെ പാദം കഴുകിയതിന്റെ ഓര്‍മ്മയ്ക്ക് കാല്‍കഴുകല്‍ ശുശ്രൂഷ രാവിലെയാണ് നടക്കുന്നത്.
വൈകിട്ട് വീടുകളിൽ പുളിപ്പില്ലാത്ത അപ്പമുണ്ടാക്കി മുറിക്കുകയും പ്രത്യേക രീതിയിൽ ഉണ്ടാക്കിയ പാൽ ഒപ്പം കുടിക്കുകയും ചെയ്യും. ഓശാനപ്പെരുനാളിനു ലഭിച്ച കുരുത്തോല കൊണ്ട് നിർമിച്ച കുരിശ് അപ്പത്തിൽ മേൽ വയ്ക്കും. വീട്ടിലെ ഏറ്റവും മുതിർന്ന പുരുഷനാണ് അപ്പം മുറിച്ച് വീട്ടിലെ എല്ലാ അംഗങ്ങൾക്കും കൊടുക്കുന്നത്. വൈകിട്ട് പള്ളികളിലും അപ്പം മുറിക്കൽ ശുശ്രൂഷ നടത്തും. നാളെയാണ് ദുഖവെള്ളി. മനുഷ്യവർഗത്തിന്റെ മുഴുവൻ രക്ഷക്കായി ക്രിസ്തു എന്ന പെസഹാ കുഞ്ഞാട് തൻ്റെ ജീവൻ ബലിയായി നൽകിയ ദിവസം.
Pass Over Pesaha day today last supper of Jesus Christ