എന്‍സിപിയില്‍ പൊട്ടിത്തെറി : പി.സി ചാക്കോ സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ചു, ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്ത് തുടരും

തിരുവനന്തപുരം : എന്‍സിപിയില്‍ ചേരി പോര് രൂക്ഷമായ സാഹചര്യത്തില്‍ പി സി ചാക്കോ സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ചു. ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന് ഇന്നലെ വൈകിട്ട് രാജിക്കത്തും കൈമാറി. അതേസമയം, അദ്ദേഹം ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്ത് തുടരും. എന്‍സിപിയില്‍ കഴിഞ്ഞ കുറേ മാസങ്ങളായി തുടര്‍ന്ന നാടകീയമായ സംഭവവികാസങ്ങള്‍ക്കൊടുവിലാണ് പി.സി.ചാക്കോയുടെ രാജി.

കഴിഞ്ഞ ആറിന് നടന്ന സംസ്ഥാന ഭാരവാഹി യോഗത്തില്‍ ശശീന്ദ്രന്‍ പക്ഷം വിട്ടുനിന്നിരുന്നു. പി സി ചാക്കോ രാജി വെച്ച് പകരം എം എല്‍ എ തോമസ് കെ തോമസിനെ സംസ്ഥാന അധ്യക്ഷനായി നിയമിക്കണം എന്ന് ഏകകണ്ഠേന പ്രമേയത്തിലൂടെ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

എ.കെ.ശശീന്ദ്രനെ മാറ്റി തോമസ് കെ.തോമസിനെ മന്ത്രിയാക്കാന്‍ നടന്ന നീക്കങ്ങള്‍ മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് നടക്കാതെ പോയിരുന്നു. പിന്നാലെയാണ് അധ്യക്ഷപദവി ഉപേക്ഷിക്കാനുള്ള പി.സി.ചാക്കോയുടെ നീക്കം. ഇതിനിടെ ഉടക്കിനിന്ന തോമസ് കെ തോമസും എ.കെ.ശശീന്ദ്രനും പിണക്കം മറന്നതും പി.സി ചാക്കോയെ വെട്ടിലാക്കി.

പി.സി.ചാക്കോ അധ്യക്ഷ സ്ഥാനത്ത് എത്തിയതു മുതലാണ് പാര്‍ട്ടിയില്‍ പ്രശ്നങ്ങളും വിഭാഗീയതയും രൂക്ഷമായതെന്നാണ് എതിര്‍പക്ഷം ഉയര്‍ത്തിയിരുന്ന പ്രധാന ആരോപണം.

More Stories from this section

family-dental
witywide