
യുഎസിലെ മിസോറിയിൽ ഏഴ് കോടി വർഷം പഴക്കമുള്ള ഒരു ദിനോസർ ഭ്രൂണം കണ്ടെത്തി. ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും മികച്ച രീതിയിൽ സംരക്ഷിക്കപ്പെട്ട ദിനോസർ ഭ്രൂണങ്ങളിലൊന്നാണ് ഇതെന്നാണ് ഗവേഷകർ അഭിപ്രായപ്പെടുന്നത്. ഭൂമിയിൽ ദിനോസറുകളുടെ ചരിത്രത്തിലേക്കും ആധുനിക പക്ഷി വർഗ്ഗങ്ങളായുള്ള അവയുടെ പരിണാമത്തിലേക്കുമുള്ള വളർച്ചയെ കുറിച്ച് പഠിക്കാൻ ഈ കണ്ടെത്തൽ ഏറെ ഉപകാരപ്രദമാകുമെന്നും അവർ കൂട്ടിച്ചേർത്തു.
ഇതിന് മുമ്പ് മിസോറിയിൽ നിന്ന് കാര്യമായ ദിനോസർ ഫോസിലുകളൊന്നും കണ്ടെത്തിയിട്ടില്ല. പുതിയ കണ്ടെത്തലിന്റെ ഏറ്റവും വലിയ പ്രാധാന്യം തന്നെ ഇതാണ്. കോടിക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് പ്രദേശം തീരദേശത്തിൻറെ ഭാഗമായിരുന്നിരിക്കാം എന്നാണ് ഗവേഷകർ വിചാരിക്കുന്നത്. ഇതാകാം മുട്ട ഇത്രയേറെക്കാലം സുരക്ഷിതമായി സംരക്ഷിക്കപ്പെടാൻ കാരണം. അതേസമയം ഭൂമിയുടെ അവശിഷ്ടപാളികൾക്കിടയിൽ നിന്നും കണ്ടെത്തിയതിനാൽ ഭ്രൂണം കേടുകൂടാതെയിരിക്കാൻ സാധ്യതയുണ്ടെന്നും അതിനാൽ അതിൻറെ ഘടനയെ കുറിച്ചും അത് വിരിയുന്നതിനുള്ള സാധ്യതകളെ കുറിച്ചും പഠിക്കാൻ പാലിയൻറോളജിസ്റ്റുകൾക്ക് കൂടുതൽ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.
മുട്ടയ്ക്കുള്ളിലെ ഭ്രൂണം ചുരുണ്ടിരിക്കുന്ന അവസ്ഥയിലാണ്. സുഖമമായി വിരിയുന്നതിന് മുമ്പ് മുട്ടകളിൽ കാണപ്പെടുന്ന ‘ടക്കിംഗ്’ എന്ന അവസ്ഥയ്ക്ക് സമാനമാണ് ഇത്. ചില ദിനോസറുകളുടെ മുട്ടകൾ വിരിയുന്നതിന് മുമ്പ് സമാനമായ രീതികൾ പ്രകടിപ്പിച്ചിരിക്കാമെന്നും അത് ദിനോസറുകളും പക്ഷികളും തമ്മിലുള്ള പരിണാമ ബന്ധത്തെ അടയാളപ്പെടുത്തുന്ന ശക്തമായ തെളിവാണെന്നും ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. അതേസമയം ഇത്രയും കാലമായിട്ടും ഭ്രൂണം എന്തുകൊണ്ട് വിരിഞ്ഞില്ല എന്നതിൻറെ കാരണം തേടുകയാണ് ഗവേഷകരെന്ന് റിപ്പോർട്ടുകൾ പറയുന്നു.