കൊച്ചി: പെരിയ ഇരട്ടക്കൊല കേസിൽ നാല് പ്രതികളുടെ ശിക്ഷ ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ അടക്കം നാലുപേരുടെ ശിക്ഷയാണ് കോടതി മരവിപ്പിച്ചത്. ഇവർക്കെതിരെ സിബിഐ അഭിഭാഷകന്റെ ശക്തമായ വാദം തള്ളിയാണ് ഹൈക്കോടതി ശിക്ഷാവിധി മരവിപ്പിച്ചത്. നാലുപേർക്ക് കോടതി ജാമ്യവും നൽകി.
അഞ്ച് വർഷം തടവുശിക്ഷ സിബിഐ കോടതി വിധിച്ച മുൻ എംഎൽഎ കെ.വി കുഞ്ഞിരാമൻ, മണികണ്‌ഠൻ, രാഘവൻ വെളുത്തോളി, കെ.വി ഭാസ്കരൻ വെളുത്തോളി എന്നിവർക്കാണ് ഹൈക്കോടതി വിധിയോടെ ജയിൽ മോചനം സാദ്ധ്യമാകുന്നത്. സിബിഐ കോടതി ശിക്ഷ വിധിച്ചതിന് പിറ്റേന്നുതന്നെ മുൻ എംഎൽഎയടക്കം ഈ അഞ്ച് പ്രതികളെ എറണാകുളം ജില്ലാ ജയിലിൽ നിന്ന് കണ്ണൂർ ജയിലിലേക്ക് മാറ്റിയിരുന്നു.
അതിനിടെ ഈ പ്രതികളെ സിപിഎം നേതാക്കളായ പി കെ ശ്രീമതിയും പി പി ദിവ്യയും ജയിലിലെത്തി സന്ദർശിച്ചു. കുഞ്ഞിരാമൻ ഉൾപ്പെടെ നാല് പ്രതികളുടെ ശിക്ഷ ഹൈക്കോടതി സ്‌റ്റേ ചെയ്‌തതിന് പിന്നാലെയാണ് ഇരുവരും കണ്ണൂർ സെൻട്രൽ ജയിലിലെത്തി പ്രതികളെ സന്ദർശിച്ചത്.
‘പ്രതികളെ കണ്ടു. വൈകുന്നേരം ഇറങ്ങാൻ പറ്റിയേക്കുമെന്നാണ് അറിയുന്നത്. ഇവർ നാലുപേരുടേയും ശിക്ഷാവിധി മരവിപ്പിക്കുമെന്ന് എല്ലാവരും പ്രതീക്ഷിച്ചതാണ്. എംവി ഗോവിന്ദൻ മാഷ് കഴിഞ്ഞ ദിവസവും പറഞ്ഞില്ലേ ഇക്കാര്യം. മറ്റു പ്രതികളേയും കണ്ടു. കേസുമായി ബന്ധപ്പെട്ടൊന്നും സംസാരിച്ചിട്ടില്ല. അവരെ പോയി കാണുന്നത് മനുഷ്യത്വപരമല്ലേ’, എന്നാണ് പ്രതികളെ ജയിലിൽ എത്തി കണ്ടശേഷം പികെ ശ്രീമതി മാധ്യമങ്ങളോട് പ്രതികരിച്ചത്.