
റിയോ ഡി ജനീറോ: സാധനങ്ങൾ വാങ്ങുന്നതിനിടെ ജീൻസിന്‍റെ പിൻ പോക്കറ്റിലിരുന്ന ഫോൺ പൊട്ടിത്തെറിച്ച് യുവതിക്ക് പരിക്ക്. ബ്രസീലിലെ അനപോളിസിലാണ് സംഭവം. സൂപ്പർ മാർക്കറ്റിൽ വച്ച് ഫ്രെബുവരി എട്ടിനാണ് യുവതിയുടെ ഫോൺ പൊട്ടിത്തെറിച്ചത്. ഭർത്താവിനൊപ്പം സാധനങ്ങൾ വാങ്ങാനാണ് യുവതി സൂപ്പര്‍ മാര്‍ക്കറ്റിൽ എത്തിയത്. പോക്കറ്റിൽ നിന്ന് വേഗം തീ ഉയരുന്നതും ഭയന്ന് യുവതി ഓടുന്നതും ഭർത്താവ് തീ അണയ്ക്കാൻ ശ്രമിക്കുന്നതുമായ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
ഭയന്ന് ആളുകൾ നോക്കി നിൽക്കുന്നതും ദൃശ്യത്തിൽ കാണാം. പാന്‍റിന്‍റെ പിൻഭാഗത്ത് നിന്ന് കത്തിക്കൊണ്ടിരുന്ന ഫോൺ യുവതിയുടെ ഭർത്താവ് സ്വന്തം ടീ ഷർട്ട് ഉപയോഗിച്ച് പുറത്തെടുത്തത് വലിയ അപകടം ഒഴിവാക്കി. ഇകയ്യിലും ശരീരത്തിന്റെ പിൻഭാഗത്തും പരിക്കേറ്റ നിലയിൽ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവതിയുടെ മുടിയിലേക്കും തീ പടർന്ന് പിടിച്ചിരുന്നു.
മോട്ടോറോളയുടെ മോട്ടോ ഇ 32 മോഡൽ ഫോണാണ് പൊട്ടിത്തെറിച്ചത്. ഒരു വര്‍ഷത്തെ പഴക്കമാണ് ഫോണിനുള്ളത്. ബാറ്ററി തകരാറിനേ തുടർന്നാണ് ഫോൺ പൊട്ടിത്തെറിച്ചതെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിന് പിന്നാലെ പരിക്കേറ്റയാളുമായി ബന്ധപ്പെട്ടതായും ഫോൺ പരിശോധിക്കുമെന്നും മോട്ടോറോള അറിയിച്ചു.