
അലാസ്ക: യുഎസിനെ വീണ്ടും ആശങ്കയിലാക്കി അലാസ്കയിൽ വിമാനം തകർന്നു. അപകടത്തിൽപ്പെട്ട വിമാനത്തിൽ നിന്ന് മൂന്ന് പേർ അത്ഭുതകരമായി രക്ഷപ്പെട്ടെന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. അലാസ്കയിലെ ടസ്റ്റുമീനാ തടാകത്തിൽ വച്ചാണ് അപകടം. തടാകത്തിൽ വിമാനം ഭാഗികമായി മുങ്ങി. എന്നാൽ, വലിയ അപകടത്തെയും അതിജീവിച്ച് വിമാനത്തിലെ പൈലറ്റും രണ്ട് പെൺകുട്ടികളും 12 മണിക്കൂറോളം അതിജീവിച്ചു.
വിമാനം ഞായറാഴ്ചയാണ് മിസ്സിംഗ് ആയത്. ടെറി ഗോഡ്സും മറ്റ് പൈലറ്റുമാരും ഇതോടെ തിരച്ചിൽ ആരംഭിച്ചു. തുടർന്നാണ് തകർന്ന വിമാനത്തിന്റെ ഭാഗങ്ങൾ തടാകത്തിൽ നിന്ന് കണ്ടെത്തിയത്. തിരച്ചിൽ സംഘം അടുത്ത് എത്തുമ്പോൾ മൂന്നു പേരും വിമാനത്തിന്റെ ചിറകിൽ ഇരിക്കുകയായിരുന്നു. അവർക്ക് ജീവനുണ്ടായിരുന്നു എന്നത് തിരച്ചിൽ സംഘത്തെയും അത്ഭുതപ്പെടുത്തി. സൈറ്റ്‌സീയിംഗ് യാത്രയ്ക്കിടെയാണ് അപകടം സംഭവിച്ചതെന്നാണ് റിപ്പോർട്ടുകൾ. വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ അലാസ്കാ നാഷണൽ ഗാർഡിന്റെ ഹെലികോപ്റ്റർ സ്ഥലത്തെത്തി അവരെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി. പൈലറ്റിന് കടുത്ത തണുപ്പുമൂലം ഹൈപ്പോതർമിയ ഉണ്ടായിരുന്നു, എന്നാൽ കുട്ടികൾ കൂടുതൽ ഭേദമായ നിലയിലായിരുന്നു.