പിണറായി സർക്കാർ പത്താം വർഷത്തിലേക്ക്! പിഎസ്സി നിയമനങ്ങൾ, അതിദരിദ്രരില്ലാത്ത കേരളം, ആരോഗ്യ ഇൻഷുറൻസ്, ലൈഫ് മിഷൻ; നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി

തിരുവനന്തപുരം: ഒൻപത്‌ വർഷം പൂർത്തിയാക്കുന്ന ഇടതുപക്ഷ സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ്‌ ലഘുലേഖ പുറത്തിറക്കി. 108 പേജുകളുള്ള ലഘുലേഖ‘നവകേരളത്തിന്റെ വിജയമുദ്രകൾ’ എന്ന പേരിലാണ് സർക്കാർ പുറത്തിറക്കിയത്‌. നാല്‌ വർഷം തികയ്‌ക്കുന്ന രണ്ടാം ഇടതുപക്ഷ സർക്കാരിന്റെ നേട്ടങ്ങൾ പറയുന്ന നോട്ടീസും സർക്കാർ പുറത്തിറക്കിയിട്ടുണ്ട്‌. മാതൃകാപരമായ നേട്ടങ്ങൾ സർക്കാർ കൊണ്ടുവന്നെന്ന്‌ ലഘുലേഖയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ‘കേരളം ഇതുവരെ കൈവരിച്ച നേട്ടങ്ങളെ അടിസ്ഥാനപ്പെടുത്തി നാലാം വ്യാവസായിക വിപ്ലവത്തിന്റെ ഈ ഘട്ടത്തിൽ കൂടുതൽ ഉയരങ്ങളിലേക്ക് മുന്നേറാൻ തയ്യാറെടുക്കുകയാണ് നാം’ എന്നും അദ്ദേഹം ലഘുലേഖയിൽ പറഞ്ഞു.

ഇന്ത്യയിൽ ഏറ്റവുമധികം നിയമനങ്ങൾ നടത്തുന്ന പബ്ലിക്ക് സർവീസ് കമ്മീഷനാണ് കേരള പബ്ലിക്ക് സർവീസ് കമ്മീഷനെന്ന്‌ ലഘുലേഖയിൽ പറയുന്നു. 30,000 ത്തോളം തസ്തികകളാണ്‌ കേരള പിഎസ്‌സി സൃഷ്ടിച്ചത്‌, കേന്ദ്ര സർവീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലുമായി ലക്ഷക്കണക്കിന് തസ്തികകൾ ഒഴിഞ്ഞു കിടക്കുമ്പോഴാണ് ഇന്ത്യയിലെ മറ്റൊരു സിവിൽ സർവീസിനും അവകാശപ്പെടാനില്ലാത്ത ഈ നേട്ടം കേരളം കൈവരിച്ചതെന്നും ലഘുലേഖ വ്യക്തമാക്കുന്നു.

2025 നവംബർ ഒന്നോടുകൂടി അതിദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളം മാറും. അതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തലത്തിൽ പ്രത്യേക പദ്ധതികൾ ആവിഷ്‌ക്കരിച്ചു നടപ്പാക്കുകയാണ്. കഴിഞ്ഞ എട്ട് വർഷത്തെ കണക്കെടുത്താൽ വിലക്കയറ്റം പിടിച്ചു നിർത്തുന്നതിനുള്ള വിപണി ഇടപെടലിനുമാത്രമായി 14,000 കോടിയോളം രൂപയാണ് വിവിധ മാർഗങ്ങളിലൂടെ സംസ്ഥാന സർക്കാർ ചെലവഴിച്ചിട്ടുള്ളത്. കുടുംബാരോഗ്യ കേന്ദ്രങ്ങളായി പരിവർത്തനം ചെയ്യാൻ ലക്ഷ്യമിട്ട 886 സ്ഥാപനങ്ങളിൽ 683 എണ്ണവും പൂർത്തീകരിച്ചു. 42 ലക്ഷം കുടുംബങ്ങൾക്ക് കാരുണ്യ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയുടെ ഗുണഫലങ്ങൾ ലഭ്യമാക്കുന്നുണ്ട്.

ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ലൈഫ് മിഷൻ വഴി പട്ടികജാതി വിഭാഗക്കാരുടെ 50,830 വീടുകളുടെയും പട്ടികവർഗ വിഭാഗക്കാരുടെ 19,739 വീടുകളുടെയും നിർമ്മാണം പൂർത്തീകരിച്ചിട്ടുണ്ട്. കഴിഞ്ഞ എട്ടര വർഷംകൊണ്ട് ലൈഫ് മിഷനിലൂടെ മാത്രം പട്ടികജാതി വിഭാഗക്കാരുടെ 1,12,383 ഭവനങ്ങളുടെയും പട്ടികവർഗ വിഭാഗക്കാരുടെ 42,591 ഭവനങ്ങളുടെയും നിർമ്മാണമാണ് പൂർത്തീകരിച്ചിട്ടുള്ളത്‌.- ലഘുലേഖയിൽ പറയുന്നു.

More Stories from this section

family-dental
witywide