”ഇന്ത്യക്കാരെ കുറ്റവാളികളെ പോലെ നാടുകടത്തിയത് ഇന്ത്യയോടുള്ള അനാദരവായി കാണാന്‍ ഭരണാധികാരികള്‍ക്ക് നട്ടെല്ലില്ലാതെ പോയി”

തൃശ്ശൂര്‍: അമേരിക്ക ഇന്ത്യക്കാരെ കുറ്റവാളികളെ പോലെ നാടുകടത്തിയതിനെതിരെ കടുത്ത പ്രതിഷേധ വാക്കുകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.

ഇന്ത്യക്കാരെ കുറ്റവാളികളെ പോലെ നാടുകടത്തിയ ഇന്ത്യയോടുള്ള അനാദരവായി കാണാന്‍ ഭരണാധികാരികള്‍ക്ക് നട്ടെല്ലില്ലാതെ പോയെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അനധികൃത കുടിയേറ്റം ആരോപിച്ച് അമേരിക്ക നാടുകടത്തിയ ഇന്ത്യക്കാരെ കൈയിലും കാലിലും വിലങ്ങിട്ട് ബന്ധിച്ചത് മനുഷ്യത്വരഹിതമായ നടപടിയെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇന്ത്യയുടെ വിദേശകാര്യ മന്ത്രി അമേരിക്കയുടെ ഈ നടപടിയെ ന്യായീകരിക്കുകയാണ് ചെയ്തതെന്നും കുറ്റപ്പെടുത്തി. സിപിഎം തൃശൂര്‍ ജില്ലാ സമ്മേളനത്തിന്റെ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

”കൈകാലുകള്‍ ചങ്ങലയ്ക്കിട്ട് ശരീരം അനങ്ങാന്‍ പറ്റാത്ത അവസ്ഥ. ശുചിമുറിയില്‍ പോകുന്നതിന് ഉള്‍പ്പെടെ നിരങ്ങി പോകേണ്ടിവന്നുവെന്നാണ് അവര്‍ തന്നെ പറഞ്ഞത്. എന്തിനാണ് ഇത്തരത്തിലുള്ള ഒരു നിലപാട് സ്വീകരിച്ചത്. അവര്‍ ക്രിമിനലുകള്‍ ഒന്നുമല്ലല്ലോ. ഇന്ത്യയോട് കാണിക്കുന്ന അങ്ങേയറ്റത്തെ അനാദരവായിട്ട് വേണം ഇതിനെ കാണാന്‍” – അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിനെതിരെയും മുഖ്യമന്ത്രി വിമര്‍ശനമുന്നയിച്ചിരുന്നു. ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുവിന് തൊട്ടുപിന്നാലെയായുള്ള മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് പിന്നിലെ ലക്ഷ്യം ആയുധ കച്ചവടം ഉറപ്പിക്കലാണെന്നാണ് പിണറായി വിമര്‍ശിച്ചത്. പ്രധാനമന്ത്രി മോദിക്ക് മുന്‍പ് അമേരിക്ക സന്ദര്‍ശിച്ചത് ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുവാണ്. അതിന് പിന്നാലെയാണ് നരേന്ദ്രമോദി പോകുന്നത്. രണ്ട് സന്ദര്‍ശനങ്ങളും യാദൃശ്ചിക സന്ദര്‍ശനമായി കാണാന്‍ കഴിയില്ല. ഇതിനു പിന്നില്‍ കൃത്യമായ ലക്ഷ്യമുണ്ടെന്നാണ് വ്യക്തമാകുന്നത്. ആ ലക്ഷ്യം ആയുധ കരാര്‍ ഉറപ്പിക്കലാണെന്നും പിണറായി വിവരിച്ചു.

More Stories from this section

family-dental
witywide