
വാഷിംഗ്‌ടൺ: ഗാസയിലുള്ള പലസ്തീനികളെ ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് നിർബന്ധിതമായി കുടിയിറക്കാൻ യുഎസും ഇസ്രായേലും പദ്ധതി തയാറാക്കുന്നതായി റിപ്പോർട്ട്. സുഡാനിലേക്കും സൊമാലിയയിലേക്കും സൊമാലിയലാൻഡിലേക്കും പലസ്തീനികളെ കുടിയിറക്കാനാണ് യുഎസിന്‍റെയും ഇസ്രായേലിന്‍റെയും പദ്ധതിയെന്നാണ് റിപ്പോര്‍ട്ടുകൾ പുറത്ത് വരുന്നത്. മൂന്ന് രാജ്യങ്ങളിലെയും സർക്കാരുകളുമായി ഇത് സംബന്ധിക്കുന്ന ചര്‍ച്ചകൾ നടത്തിക്കഴിഞ്ഞെന്നുമാണ് വിവരം.
എന്നാൽ, സുഡാൻ അധികൃതർ അമേരിക്കയുടെ പദ്ധതി നിരസിച്ചതായാണ് റിപ്പോർട്ടുകൾ. എന്നാൽ സൊമാലിയയുടെയും സൊമാലിയലാൻഡിന്റെയും പ്രതികരണം എന്താണെന്ന് റിപ്പോർട്ടിൽ വ്യക്തതയില്ല. ചർച്ചകൾ എത്രത്തോളം പുരോഗതി കൈവരിച്ചെന്നോ നീക്കങ്ങൾ ഏത് തലത്തിലാണെന്നോ ഉള്ള കാര്യത്തിലും വിവരങ്ങളില്ല.
പലസ്തീനികളെ ബലമായി കുടിയിറക്കി ഗാസ ഏറ്റെടുക്കുക എന്ന ആശയം യുഎസ് പ്രസിഡന്റ് ഒരു മാസം മുൻപ് വെളിപ്പെടുത്തിയിരുന്നു. എന്നാൽ പശ്ചിമേഷ്യൻ രാജ്യങ്ങളും പലസ്തീനും അടക്കം ലോകരാജ്യങ്ങൾ കടുത്ത എതിര്‍പ്പുമായി രംഗത്ത് വന്നിരുന്നു.