വിമാന അപകടം: ബൈഡനേയും ഒബാമയേയും വിമർശിച്ച് ട്രംപ്

വാഷിങ്ടൻ : വലിയ ദുരന്തമാണ് വാഷിങ്ടണിൽ നടന്നതെന്നും അപകടം ഒഴിവാക്കാനാകുമായിരുന്നെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഹെലികോപ്റ്ററിനു വിമാനത്തെ നന്നായി കാണാനാകുമായിരുന്നുവെന്നും വളരെ ചെറിയ ആ സമയപരിധിയിൽ പൈലറ്റിന് തീരുമാനമെടുക്കാൻ കഴിയണമായിരുന്നെന്നും ട്രംപ് പറഞ്ഞു. ഈ ദുരന്തം നടക്കാൻ പോകുകയാണെന്ന് എയർ ട്രാഫിക് കൺട്രോളിൽ ഉള്ളവർക്ക് മനസ്സിലായെങ്കിൽ അവരും ഉടൻ നടപടിയെടുക്കണമായിരുന്നു.

ജോ ബൈഡൻ ഉൾപ്പെടെ മുൻ പ്രസിഡന്റുമാരുടെ നയങ്ങളെയും ട്രംപ് വിമർശിച്ചു. ഇത്തരം നിർണായക സന്ദർഭങ്ങളിൽ ഉചിതമായ തീരുമാനം അതിവേഗം കൈക്കൊള്ളാൻ മാനസികമായി ശേഷിയുള്ളവർ തലപ്പത്തുണ്ടാകണം. എയർ ട്രാഫിക് കൺട്രോളിൽ ഇരിക്കുന്നവർ ജീനിയസുകൾ ആയിരിക്കണം.

സൈന്യത്തിലുൾപ്പെടെ വംശീയ വൈവിധ്യം ഉൾപ്പെടുത്തുന്നതിനായി വാദിക്കുന്ന DEI നയത്തെയും ട്രംപ് വിമർശിച്ചു. അപകടത്തിനു കാരണം ഈ ‘വൈവിധ്യനയം’ ആണെന്നു പറയാൻ എന്താണടിസ്ഥാനമെന്നു മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ, ‘ കോമൺസെൻസ് ’ എന്നായിരുന്നു ട്രംപിന്റെ മറുപടി. ‌‌‌

റഷ്യൻ യാത്രക്കാരുടെ ഭൗതികാവശിഷ്ടങ്ങൾ അവരുടെ നാട്ടിലെത്തിക്കുന്നതിനു വേണ്ട പിന്തുണ നൽകും. റഷ്യയുമായി ബന്ധപ്പെട്ടു കഴിഞ്ഞു.അപകടത്തിൽ മരിച്ച മറ്റു രാജ്യക്കാരുടെ കാര്യം പിന്നാലെ വെളിപ്പെടുത്തും. ആ രാജ്യങ്ങളുമായി ബന്ധപ്പെട്ട് വിവരം അറിയിച്ചു കഴിഞ്ഞുവെന്നും ട്രംപ് പറഞ്ഞു.

Plane crash Trump criticizes Biden and Obama

More Stories from this section

family-dental
witywide