
നേപ്യഡോ: മ്യാൻമാറിനെ കണ്ണീരിലാഴ്ത്തിയ ഭൂചലനത്തിൽ മരണ സംഖ്യ വർധിക്കുന്നു. ഏറ്റവും ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം മ്യാൻമാറിൽ ഭൂചലനം 144 പേരുടെ ജീവൻ കവർന്നു എന്നാണ് വ്യക്തമാകുന്നത്. 732 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. തായ്ലൻഡിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്ന് എഴുപതോളം പേരെ കാണാതായിട്ടുമുണ്ട്. ചൈനയുടെ ചിലഭാഗങ്ങളിലും പ്രകമ്പനമുണ്ടായി. ഭൂചലനത്തിൽ മ്യാൻമറിലെ രണ്ടാമത്തെ വലിയ നഗരമായ മാൻഡലെ തകർന്നടിഞ്ഞു. ഭൂചലനത്തിൽ മസ്ജിദ് തകർന്നു വീണാണ് കൂടുതൽ മരണം. പ്രാർഥന നടക്കുന്നതിനിടെയാണ് പള്ളി തകർന്നത്. രക്ഷാപ്രവർത്തനം തുടരുകയാണ്. മരണസംഖ്യ ഇനിയും കൂടാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഭൂചലനത്തിന് പിന്നാലെ മ്യാൻമറിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
മ്യാന്‍മറിലും തായ്‌ലന്‍ഡിലുമുണ്ടായ അതിശക്തമായ ഭൂചലനത്തിലും നാശ നഷ്ടങ്ങളിലും ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തി. എല്ലാവരുടെയും സുരക്ഷക്കും ക്ഷേമത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുന്നെന്നും സാധ്യമായ എല്ലാ സഹായങ്ങളും ഇന്ത്യ ചെയ്യുമെന്നും പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു. മ്യാന്‍മാറിലേയും തായ്ലന്റിലെയും സര്‍ക്കാര്‍ അധികൃതരുമായി ബന്ധപ്പെടാന്‍ വിദേശകാര്യമന്ത്രാലയത്തിന് നിര്‍ദ്ദേശം നല്‍കിയെന്നും മോദി പറഞ്ഞു.
വിശദവിവരങ്ങൾ ഇങ്ങനെ
റിക്ടർ സെയ്ലിൽ 7.7 രേഖപ്പെടുത്തിയ ആദ്യഭൂചലനത്തിന് പിന്നാലെ പത്തോളം തുടർ ചലനങ്ങളുമുണ്ടായി. മ്യാൻമാറിലെ രണ്ടാമത്തെ വലിയ നഗരമായ മാൻഡലെ തകർന്നടിഞ്ഞു. നിരവധി കെട്ടിടങ്ങളും പാലങ്ങളും തകർന്നു. വെള്ളിയാഴ്ച ഉച്ചക്ക് പ്രാർത്ഥനയിലായിരുന്നവരുടെ മുകളിലേക്ക് പള്ളിക്കെട്ടിടം തകർന്ന് വീണു. ചരിത്രപ്രസിദ്ധമായ ആവ പാലം തകർന്നു. സ്മരകങ്ങളും ബുദ്ധവിഹാരങ്ങളും മണ്ണിനടിയിലായി. സുപ്രധാനദേശീയപാതകൾ പലതും മുറിഞ്ഞു. പട്ടളഭരണകൂടം ഇന്റർനെറ്റ് വിശ്ചേദിച്ചിരിക്കുന്നതിനാൽ മ്യാൻമാറിൽ നിന്നും വിവരങ്ങൾ പുറത്ത് വരാൻ വൈകി. പട്ടാളഭരണകൂടത്തിന്റെ തലസ്ഥാനമായ നീപേഡോവിൽ ആയിരം കിടക്കകളുള്ള ആശുപത്രി കെട്ടിടം തകർന്നുവെന്നും വിവരമുണ്ട്. ഭൂകന്പത്തിന്റെ പ്രഭവകേന്ദ്രത്തിന് ഏകദേശം ആയിരത്തിമൂന്നൂറ് കിലോമീറ്റർ അകലെ തായ്ലന്റിലെ ബാങ്കോക്കിൽ നിർമ്മാണത്തിലിരുന്ന കെട്ടിടം തകർന്ന് വീണു. മുപ്പത് നിലയിലുള്ള കെട്ടിടമാണ് പൂർണ്ണമായും തകർന്നടിഞ്ഞത്. ബാങ്കോക്കിൽ റോഡുകളിലും വിള്ളലുണ്ടായി. കെട്ടിടങ്ങളും മെട്രോറെയിലും കുലുങ്ങി. ഗതാഗതം താറുമാറായി. ബാങ്കോക്കിലും മ്യാൻമാറിലെ ആറ് പ്രദേശങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രക്ഷാപ്രവർത്തനത്തിന് ലോകരാജ്യങ്ങളുടെ സഹായം മ്യാൻമാർ അഭ്യർത്ഥിച്ചു. പിന്നാലെ ലോകാരോഗ്യസംഘടന എല്ലാ സഹായവും വാഗാദ്നം ചെയ്തു.