
ഡൽഹി: അമേരിക്കയിൽ പുതുവത്സര ദിനത്തിൽ നടന്ന ഭീകരാക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. ഭീകരാക്രമണങ്ങളെ നേരിടാൻ ഇന്ത്യ, അമേരിക്കക്കൊപ്പമുണ്ടെന്ന സന്ദേശമാണ് മോദി നൽകിയത്. ഇരകൾക്കും, കുടുംബങ്ങൾക്കുമൊപ്പം ഇന്ത്യയുണ്ടാകുമെന്നും മോദി എക്സിൽ കുറിച്ചു. ഭീകരാക്രമണമേറ്റുവാങ്ങിയവർക്കും അവരുടെ കുടുംബങ്ങൾക്കും അത് അതിജീവിക്കാനുള്ള കരുത്തുണ്ടാകട്ടെയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
അമേരിക്കയിൽ പുതുവത്സരാഘോഷത്തിനിടയ്ക്ക് ട്രക്ക് ജനക്കൂട്ടത്തിനിടയ്ക്ക് ഇടിച്ചുകയറ്റിയുള്ള ആക്രമണം ഭീകരാക്രമണമായിരുന്നുവെന്ന് പിന്നീട് സ്ഥിരീകരിക്കുകയായിരുന്നു. ന്യൂ ഓർലിയൻസ് ഭീകരാക്രമണത്തിൽ 15 പേർക്കാണ് ജീവൻ നഷ്ടമായത്. 30 ലേറെ പേർക്കാണ് പരിക്കേറ്റത്.
ഒരു ട്രക്ക് അമിതവേഗതയിൽ ജനങ്ങൾക്കിടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. പിന്നാലെ ട്രക്കിന്റെ ഡ്രൈവർ ഇറങ്ങിവന്ന് ജനങ്ങൾക്ക് നേരെ വെടിയുതിർക്കുകയും ചെയ്തിരുന്നു. അക്രമിയായ ഷംസുദ്ധീൻ ജബ്ബാറിനെ പൊലീസ് ഏറ്റുമുട്ടലിൽ വധിച്ചിരുന്നു. ഇയാൾക്ക് ഐ എസ് ബന്ധമുണ്ടെന്ന് വ്യക്തമായതോടെയാണ് എഫ് ബി ഐ, ഭീകരാക്രമണമാണെന്ന് സ്ഥിരീകരിച്ചത്.